കശ്മീരിലെ സാഹചര്യം അസാധാരണമെന്ന് ശ്രീനഗര്‍ മേയര്‍, പിന്നാലെ വീട്ടുതടങ്കലില്‍

By Web TeamFirst Published Sep 4, 2019, 3:05 PM IST
Highlights

തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല എന്നത് കാര്യങ്ങള്‍ സമാധാനപരമാണെന്നതിന്‍റെ സൂചനയായി കരുതരുതെന്ന പ്രസ്താവനക്ക് പിന്നാലെയാണ് ജുനൈദിനെ വീട്ടുതടങ്കലിലാക്കിയതെന്നാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ശ്രീനഗര്‍: ബിജെപി പിന്തുണയോടെ ശ്രീനഗര്‍ മേയറായ  ജുനൈദ് അസിം മട്ടു വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്. തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല എന്നത് കാര്യങ്ങള്‍ സമാധാനപരമാണെന്നതിന്‍റെ സൂചനയായി കരുതരുതെന്ന പ്രസ്താവനക്ക് പിന്നാലെയാണ് ജുനൈദിനെ വീട്ടുതടങ്കലിലാക്കിയതെന്നാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കാര്യങ്ങള്‍ സ്വാഭാവികമാണെന്ന് കരുതുന്നതില്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് എന്‍ഡി ടിവിയോട് തിങ്കളാഴ്ച ജുനൈദ് പറഞ്ഞിരുന്നു. ചൊവ്വാഴ്ച മുതല്‍ മേയര്‍ വീട്ടു തടങ്കലിലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചികിത്സാ ആവശ്യങ്ങള്‍ക്കായി ദില്ലിയിലെത്തിയപ്പോഴായിരുന്നു ജുനൈദ് അസിം മട്ടുവിന്‍റെ പ്രതികരണം. 

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ മേയര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ മന്ത്രി പദവി നല്‍കിയിരുന്നു. മനുഷ്യാവകാശപരമായ പ്രശ്നങ്ങള്‍ താഴ്‍വര അഭിമുഖീകരിക്കുന്നുണ്ടെന്നും ജുനൈദ് അസിം മട്ടു പ്രതികരിച്ചിരുന്നു. വേട്ടയാടപ്പെട്ടും നിരന്തരമായി അപമാനിക്കപ്പെട്ടതുമായ അവസ്ഥ താഴ്‍വരയിലുള്ളവര്‍ക്കുണ്ടെന്നും കഴിഞ്ഞ ദിവസം ജുനൈദ് അസിം മട്ടു പറഞ്ഞിരുന്നു. കശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുമെന്നും മട്ടു വ്യക്തമാക്കിയതിന് പിന്നാലെയാണ് വീട്ടുതടങ്കലില്‍ ആയതായി റിപ്പോര്‍ട്ട് വരുന്നത്. 

ബിജെപിയുടെ ആളാണെങ്കില്‍ കൂടിയും ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ മട്ടുവിന് അനുമതിയില്ലെന്നാണ് കശ്മീര്‍ പൊലീസ് വ്യക്തമാക്കുന്നത്.  കഴിഞ്ഞ നവംബറിലാണ് നാഷനൽ കോൺഫറൻസ് (എൻസി) മുൻ നേതാവ് ജുനൈദ് അസിം മട്ടു ശ്രീനഗർ കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെയും പീപ്പിൾസ് കോൺഫറൻസിന്‍റെയും പിന്തുണയോടെയായിരുന്നു മട്ടുവിന്‍റെ ജയം.

click me!