'ഡികെ ശിവകുമാറിന്‍റെ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തില്‍';പകപോക്കുന്നുവെന്നത് അടിസ്ഥാനരഹിതമെന്ന് ബിജെപി

By Web TeamFirst Published Sep 4, 2019, 3:22 PM IST
Highlights

'ഏതെങ്കിലും നേതാവിനെ അറസ്റ്റ് ചെയ്താല്‍  ബിജെപി പകപോക്കുകയാണെന്ന് പറയുന്നത് ഇന്ന് സ്ഥിരം പ്രവണതയാണ്'

ദില്ലി: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്‍റെ അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ബിജെപി പക തീര്‍ക്കുകയാണെന്ന കോണ്‍ഗ്രസ് പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും ബിജെപി. 'ശിവകുമാറിനെതിരെ ശക്തമായ തെളിവുകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റിന് ലഭിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്'.

പണം തട്ടിപ്പ് കേസിലോ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലോ ഏതെങ്കിലും നേതാവിനെ അറസ്റ്റ് ചെയ്താല്‍  ബിജെപി പകപോക്കുകയാണെന്ന് പറയുന്നത് ഇന്ന് സ്ഥിരം പ്രവണതയാണ്.' കൃത്യമായ അന്വേഷണം നടത്തി തെളിവുകള്‍ ലഭിച്ച ശേഷമാണ്  അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും  ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹ റാവു കൂട്ടിച്ചേര്‍ത്തു. 

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നലെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുട‍ർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിന്‍റെ അറസ്റ്റ്. കർണാടകത്തിൽ ജെഡിഎസ് - കോൺഗ്രസ് സഖ്യത്തിന്‍റെ പ്രധാന സൂത്രധാരൻമാരിൽ ഒരാളായ ഡി കെ ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് അറസ്റ്റിലായത്. 

click me!