
കർണാടക: കൊവിഡിന്റെ രണ്ടാം തരംഗ വ്യാപനം കുറക്കുന്നതിനായി സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും
പത്ത് ദിവസത്തിനുള്ളിൽ വാക്സീൻ നൽകാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായൺ. പോളിടെക്നിക്, ഐടിഐ, എഞ്ചിനീയറിംഗ്, ബിരുദം, മെഡിക്കൽ, പാരാമെഡിക്കൽ, യൂണിവേഴ്സിറ്റി ക്യാംപസുകളിൽ പഠിക്കുന്നവർ, മുഖ്യമന്ത്രിയുടെ സ്കിൽ ഡെവലപ്മെന്റ് സ്കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ എന്നിവരാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതായി ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
കർണാടകയിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ അശ്വത് നാരായൺ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി യോഗം ചേർന്നിരുന്നു. കോളേജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന തീരുമാനം യോഗത്തിൽ സ്വീകരിച്ചിരുന്നു. കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനം. സംസ്ഥാനത്തെ ഓക്സിജൻ ഉത്പാദന ശേഷിയും വർദ്ധിപ്പിക്കും. അതേ സമയം സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും എപ്പോൾ തുറന്നു പ്രവർത്തിക്കുമെന്ന വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ല.
അക്കാദമിക് പ്രവർത്തനങ്ങളെല്ലാം തന്നെ ഇപ്പോൾ ഓൺലൈനിലാണ് നടന്നു കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്കുളള വാക്സിനേഷൻ ഡ്രൈവ് ജൂൺ 28 മുതൽ ആരംഭിച്ചു. ആദ്യ ദിവസം തന്നെ 94000 വിദ്യാർത്ഥികൾക്ക് കുത്തിവെയ്പ് നൽകി. എല്ലാ വിദ്യാർത്ഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്സീൻ നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam