
അഹമ്മദാബാദ്: ഭംഗിയുള്ള പ്രദേശങ്ങൾ കണ്ടാൽ അവിടെ നിന്നാരു സെൽഫി എടുക്കാൻ ശ്രമിക്കാത്തവർ വളരെ ചുരുക്കമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് എത്തുന്നതെങ്കിൽ പിന്നെ സെൽഫിക്ക് യാതൊരു കുറവുമുണ്ടാകില്ല. എന്നാൽ ഗുജറാത്തിലെ ദംഗ് ജില്ലയിൽ ഇനി മുതൽ സെൽഫി എടുക്കാൻ പറ്റില്ല. ദംഗ് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സെൽഫി എടുക്കുന്നത് വിലക്കിയിരിക്കുകയാണ്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.
ഗുജറാത്തിലെ ഹിൽസ്റ്റേഷനായ സപുതാരയിൽ എത്തുന്ന സന്ദർശകരിൽ ആരെങ്കിലും സെൽഫിയെടുക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അവർക്ക് 200 രൂപ പിഴയോ ഒരു മാസത്തെ തടവുശിക്ഷയോ അനുഭവിക്കേണ്ടിവരും. സെൽഫി എടുക്കുന്നതിനിടെ കുന്നുകളിൽ നിന്നോ നദിയിൽ നിന്നോ വീണ് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ വെളിപ്പെടുത്തി. ഇത്തരം അപകടങ്ങൾ തടയുന്നതിന് വേണ്ടിയാണ് ഇവിടം സെൽഫി രഹിത മേഖലയാക്കി മാറ്റിയതെന്ന് അഡീഷണൽ കളക്ടർ ടി കെ ദാമോദർ പറഞ്ഞു.
മൺസൂൺ കാലത്ത് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കുന്നുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഇടതൂർന്ന വനമാണ് സപുതാര. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ആളുകൾ ഇവിടെയെത്താറുണ്ട്. ചിത്രങ്ങളും സെൽഫികളും എടുക്കുന്നവർക്കെതിരെ ഐപിസി സെക്ഷൻ 188 പ്രകാരം നടപടിയെടുക്കുമെന്ന് കളക്ടറുടെ അറിയിപ്പിൽ പറയുന്നു. നിയമം ലംഘിക്കുന്നവർക്ക് ഒരുമാസത്തെ ജയിൽവാസമോ 200 രൂപ പിഴയോ ലഭിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഹോർഡിംഗുകളും പരസ്യബോർഡുകളും ജില്ലാഭരണകൂടം സ്ഥാപിച്ചിട്ടുണ്ട്. സെൽഫി എടുക്കുന്നതിലെ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam