ചൈനയില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് പിപിഇ കിറ്റുകള്‍ മോശം; സുരക്ഷ പരിശോധനയില്‍ പരാജയപ്പെട്ടു

By Web TeamFirst Published Apr 16, 2020, 12:04 PM IST
Highlights
ഇന്ത്യയിലെ ചില വലിയ സ്വകാര്യ കമ്പനികള്‍ സംഭാവനയായി നല്‍കിയ പിപിഇ കിറ്റുകളാണ് സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടത്. ക്ഷാമം രൂക്ഷമായതോടെ ഒരു മില്യണ്‍ പിപിഇ കിറ്റുകള്‍ക്കുള്ള ഓര്‍ഡര്‍ ഇന്ത്യ നല്‍കി കഴിഞ്ഞു.
ഗ്വാളിയാര്‍: രാജ്യം കൊവിഡിനെ പ്രതിരോധിക്കുമ്പോള്‍ പിപിഇ കിറ്റുകളുടെ ക്ഷാമം ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്ത് പിപിഇ കിറ്റുകളുടെ ഉത്പാദനം കൂട്ടുകയും ചൈനയില്‍ നിന്ന് കിറ്റുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചൈന നല്‍കിയ പിപിഇ കിറ്റുകളില്‍ പലതും ഉപയോഗിക്കാന്‍ സാധിക്കാത്തതാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ലോകത്ത് പിപിഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യക്ക് കൊവിഡിനെ നേരിടാന്‍ 170,000 പിപിഇ കിറ്റുകള്‍ ചൈന നല്‍കിയിരുന്നു. ഏപ്രില്‍ അഞ്ചിനാണ് ഇത് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍, അതില്‍ 50,000 കിറ്റുകള്‍ ഉപയോഗശൂന്യമാണെന്നാണ് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

30,000, 10,000 പിപിഇ കിറ്റുകള്‍ ലഭിച്ച മറ്റൊരു ഇടപാടിലും ഉപയോഗശൂന്യമായ പിപഇ കിറ്റുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്വാളിയാറിലെ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ലബോറട്ടറിയിലാണ് കിറ്റുകള്‍ സുരക്ഷാ പരിശോധന നടത്തിയത്. സിഇ/എഫ്ഡിഎ അംഗീകരിച്ച പിപിഇ കിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഉപയോഗിക്കുക.

എന്നാല്‍, ചൈനയില്‍ നിന്നെത്തിയ പിപിഇ കിറ്റുകളില്‍ പലതും ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയതോടെ ഇവ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ചില വലിയ സ്വകാര്യ കമ്പനികള്‍ സംഭാവനയായി നല്‍കിയ പിപിഇ കിറ്റുകളാണ് സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടത്.

ക്ഷാമം രൂക്ഷമായതോടെ ഒരു മില്യണ്‍ പിപിഇ കിറ്റുകള്‍ക്കുള്ള ഓര്‍ഡര്‍ ഇന്ത്യ നല്‍കി കഴിഞ്ഞു. മേയ് ആദ്യ വാരത്തോടെ കൂടുതല്‍ പിപിഇ കിറ്റുകള്‍ ഇന്ത്യയില്‍ എത്തും. രണ്ട് മില്യണ്‍ പിപിഇ കിറ്റുകള്‍ ഉണ്ടെങ്കില്‍ നിലവിലെ രാജ്യത്തെ അവസ്ഥയില്‍ നിന്ന് മെച്ചപ്പെടാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
 
click me!