Punjab : മീടു ആരോപണം പരിഹരിക്കാൻ കാലുപിടിച്ചപേക്ഷിച്ചു; പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമരീന്ദർ സിം​ഗ്

By Web TeamFirst Published Jan 22, 2022, 3:26 PM IST
Highlights

മീടു ആരോപണം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഛന്നി കാലുപിടിച്ചെന്നാണ് അമരീന്ദ്രർ സിങ്ങ് പറയുന്നത്. അതേസമയം തനിക്കെതിരായ വ്യാജപ്രചാരണത്തിൽ അരവിന്ദ് കെജരിവാളിനെതിരെ കേസ് നൽകുമെന്ന്  ചരൺജിത്ത് സിങ്ങ് ഛന്നി അറിയിച്ചു. 

ദില്ലി: പഞ്ചാബ് (Punjab)  മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിയെ (Charanjit Singh Channi) കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് (Amarinder Singh) . മീടു ആരോപണം (Me Too) പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഛന്നി കാലുപിടിച്ചെന്നാണ് അമരീന്ദർ സിങ്ങ് പറയുന്നത്. അതേസമയം തനിക്കെതിരായ വ്യാജപ്രചാരണത്തിൽ അരവിന്ദ് കെജരിവാളിനെതിരെ കേസ് നൽകുമെന്ന്  ചരൺജിത്ത് സിങ്ങ് ഛന്നി അറിയിച്ചു. കോൺഗ്രസ് സർക്കാരിനെതിരെ പുതിയ ആരോപണം പുറത്ത് വിടാനൊരുങ്ങുകയാണ് ശിരോമണി അകാലിദൾ. 

ചരൺജിത്ത് സിങ്ങ് ഛന്നിക്കെതിരെ 2018ൽ ഉയർന്ന മീടു ആരോപണം വീണ്ടും ചർച്ചയാക്കുകയാണ് അമരീന്ദർ സിം​ഗ്. ഐഎഎസ് ഉദ്യോഗസ്ഥ  ഉന്നയിച്ച ആരോപണത്തിൽ പിന്നീട് ഛന്നി മാപ്പ് പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങ് ഛന്നിക്ക് അനൂകൂലനിലപാടാണ്
സ്വീകരിച്ചത്. പ്രശ്നം പരിഹരിക്കണമെന്ന് ആഭ്യർത്ഥിച്ച ഛന്നി തന്റെ കാല് പിടിച്ചെന്നും പിന്നീട് താൻ ഇടപെട്ട് വിഷയങ്ങൾ പരിഹരിച്ചെന്നുമാണ് ക്യാപ്റ്റൻ പറയുന്നത്. ജീവിതംകാലം മുഴുവൻ തന്നോട്  നന്ദികാണിക്കുമെന്ന് പറഞ്ഞ ചരൺജിത്ത് സിങ്ങ് ഛന്നി പിന്നീട് തനിക്കെതിരെ പ്രവർത്തിച്ചെന്നും അമരീന്ദർ  ആരോപിക്കുന്നു. 

മീടു ആരോപണത്തിൽ പഞ്ചാബ് വനിതാ കമ്മീഷൻ കേസ് എടുത്തിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. എന്നാൽ അമരീന്ദറിന്റെ പുതിയ ആരോപണത്തിൽ ഛന്നി ഇതുവരെ പ്രതികരിച്ചിട്ടില്ല.  നോട്ട് കെട്ടുകളുമായി നിൽക്കുന്ന ചരൺ ജിത് സിംഗ് ഛന്നിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിനെതിരെയാണ് കെജരിവാളിനെതിരെ ഛന്നി രംഗത്തെത്തിയത്.  കെജരിവാൾ മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചെന്ന് ഛന്നി ആരോപിച്ചു.  പാർട്ടിയുമായി ആലോചിച്ച് കെജരിവാളിനെതിരെ അപകീർത്തി കേസ് നൽകുമെന്ന് ഛന്നി വ്യക്തമാക്കി 

അതിനിടെ, പിസിസി അദ്ധ്യക്ഷൻ  നവ്ജോത് സിംഗ് സിദ്ദുവിനെതിരെ കോൺഗ്രസിൽ നിന്ന് രാജി വച്ച വക്താവ് പ്രീത് സിംഗ് ബലിവാൽ രംഗത്തു വന്നു. സിദ്ദുവിന് പാകിസ്ഥാൻ അനുകൂല നിലപാടെന്ന് ബലിവാൽ ആരോപിച്ചു.. അനധികൃത മണൽക്കടത്ത് കേസിൽ പ്രതിയായ ഭൂപേന്ദ്രസിങ്ങ ഹണിക്ക് പഞ്ചാബ് സർക്കാർ സുരക്ഷ നൽകിയെന്ന് ആരോപണവുമായി ശിരോമണി അകാലിദളും രംഗത്തെത്തി.

click me!