
ദില്ലി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതില്‍ രൂക്ഷപ്രതികരണവുമായി നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ജനാധിപ്യരീതിയിലല്ലാതെ കശ്മീര്‍ വിഷയത്തില്‍ തീരുമാനങ്ങളെടുക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അമര്‍ത്യ സെന്‍ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഏറെ നേട്ടങ്ങള്‍ കൊയ്‌ത ശേഷം സ്വീകാര്യത നഷ്ടപ്പെടുത്തുന്ന തീരുമാനമാണ് സ്വീകരിച്ചത്. ജനാധിപത്യ രീതി സ്വീകരിച്ച ആദ്യ യൂറോപിതര രാജ്യമെന്ന ബഹുമാനം നഷ്ടപ്പെടുത്തി. അതുകൊണ്ട് തന്നെ ഇന്ത്യക്കാരനെന്നതില്‍ പ്രത്യേകിച്ച് അഭിമാനമൊന്നുമില്ലെന്നും അമര്‍ത്യ സെന്‍ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചതിനെതിരെയും അമര്‍ത്യ സെന്‍ വിമര്‍ശിച്ചു. നേതാക്കളുടെ ശബ്ദം കേള്‍ക്കാതെയും അവരെ ജയിലില്‍ പാര്‍പ്പിച്ചും എക്കാലവും നീതി പുലര്‍ത്താനാകുമെന്ന് ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാറിനെ നയിച്ച നേതാക്കളാണ് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇന്ന് ജയിലില്‍ കിടക്കുന്നത്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് നേതാക്കളെ തടവിലാക്കിയിരിക്കുന്നതെന്ന് പറയുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ രീതിയാണ്. ജനനേതാക്കളെ തടവിലാക്കിയാണ് 200 വര്‍ഷം ബ്രിട്ടീഷുകാര്‍ രാജ്യം ഭരിച്ചത്. കൊളോണിയല്‍ രീതിയിലേക്കാണ് രാജ്യം തിരിച്ചുപോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam