ജമ്മു കശ്മീരിലെ ഭീകരാക്രണം ; അമിത് ഷാ വിളിച്ച ഉന്നതതല യോഗം ദില്ലിയിൽ തുടങ്ങി

Published : Jun 03, 2022, 04:09 PM IST
ജമ്മു കശ്മീരിലെ ഭീകരാക്രണം ; അമിത് ഷാ വിളിച്ച ഉന്നതതല യോഗം ദില്ലിയിൽ തുടങ്ങി

Synopsis

ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കരസേനാ മേധാവി, റോ മേധാവി, ജമ്മു കശ്മീർ ലഫ. ഗവർണർ എന്നിവർ പങ്കെടുക്കുന്നു; കൂടുതൽ സൈനികരെ കശ്മീരിലേക്ക് നിയോഗിച്ചേക്കും

ദില്ലി: ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതല യോഗം ദില്ലിയിൽ തുടങ്ങി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കരസേനാ മേധാവി, റോ മേധാവി, ജമ്മു കശ്മീർ ലഫ. ഗവർണർ എന്നിവർ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. ഭീകരരെ നേരിടാൻ കൂടുതൽ സൈനികരെ കശ്മീരിലേക്ക് നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്യുന്നുണ്ട്. 

കശ്മീരിൽ സാധാരണക്കാരെ ഉന്നംവച്ച് ഭീകരാക്രമണങ്ങൾ വ‍ർധിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ യോഗം വിളിച്ചത്. കുൽഗാമിൽ ഇന്നലെ ബാങ്കിനുള്ളിൽ കയറി ഭീകരൻ മാനേജറെ വെടിവച്ച് കൊന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബുധ്ഗാമിൽ ഇതര സംസ്ഥാന തൊഴിലാളിയും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. കശ്മീരിൽ ഇവരുൾപ്പെടെ 9 പേരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഭീകരർ കൊലപ്പെടുത്തിയത്. തദ്ദേശീയരല്ലാത്ത ആളുകളെയാണ് ഈ ആക്രമണങ്ങളിലെല്ലാം ഭീകരർ ഉന്നംവച്ചതും. 

ബാങ്ക് മാനേജറെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഫ്രീഡം ഫൈറ്റേഴ്സ് എന്ന സംഘടന ഏറ്റെടുത്തിരുന്നു. കശ്‍മീറിനെ മാറ്റാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകങ്ങളെന്ന് ഈ സംഘടന മുന്നറിയിപ്പ് നൽകി. അതേസമയം തദ്ദേശീയരല്ലാത്തവർ ആക്രമിക്കപ്പെടും എന്ന സൂചന നൽകി, ജനങ്ങൾക്കിടയിൽ ഭീതി പരത്താനുള്ള നീക്കമാണ് ഭീകര സംഘടനകൾ നടത്തുന്നതെന്ന് ഇൻറലിജൻസും റിപ്പോർട്ട് നൽകിയിട്ടുണ്ട്. തങ്ങളെ ഭീകരർ ലക്ഷ്യമിടുന്നുവെന്ന ഭയം കശ്മീരി പണ്ഡിറ്റുകൾക്കുമുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി പണ്ഡിറ്റുകൾ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ച പണ്ഡിറ്റുകളോട്, തിങ്കളാഴ്ചയ്ക്കകം പ്രശ്ന പരിഹാരമുണ്ടാകുമെന്ന ഉറപ്പ് ലഫ്റ്റ്നന്റ് ഗർവർണർ ഉൾപ്പെടെ നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഇന്നത്തെ യോഗത്തിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം