ബംഗാളിൽ ക്രമസമാധാനം തകർന്നെന്ന് ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി, അമിത് ഷാ ഈ മാസം ബംഗാളിൽ

By Web TeamFirst Published Dec 11, 2020, 6:40 PM IST
Highlights

ജെപി നഡഢയുടെ വാഹനവ്യൂഹത്തിനു നേരയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ  സംസ്ഥാനത്ത്  ക്രമസമാധാനം  പൂർണ്ണമായി തകർന്നെന്ന് ഗവർണർ ജഗ്ദീപ് ധാൻങ്കർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു.

കൊൽക്കത്ത/ദില്ലി: ബിജെപി ദേശീയ അദ്ധ്യക്ഷനെതിരെ ആക്രമണം നടന്ന വിഷയത്തിൽ മമതാ ബാനർജിയും കേന്ദ്രസർക്കാരും നേ‍ർക്കുനേർ. സംസ്ഥാന ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും  വിളിച്ചു വരുത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ നീക്കം ശക്തമാക്കി  അടുത്ത ആഴ്ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിലെത്തും. 

ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഢയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തോടെ കേന്ദ്രസർക്കാരും പശ്ചിമ ബംഗാൾ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായിട്ടുണ്ട്. ജെപി നഡഢയുടെ വാഹനവ്യൂഹത്തിനു നേരയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ  സംസ്ഥാനത്ത്  ക്രമസമാധാനം  പൂർണ്ണമായി തകർന്നെന്ന് ഗവർണർ ജഗ്ദീപ് ധാൻങ്കർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും തിങ്കളാഴ്ച്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാൻ ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയത്. കേന്ദ്ര നിർദ്ദേശം സംസ്ഥാനത്തിന്റെ അധികാരത്തിന് മുകളിലുള്ള കടന്നുകയ്യറ്റമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഭരണഘടനയെ മാനിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് തൃണമൂൽ എംപി കല്ലാൺ ബാനർജി പറഞ്ഞു. 

അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി കത്ത് നൽകി.നഡ്ഡയുടെ പരിപാടിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച സുരക്ഷ ക്രമീകരണങ്ങളും ആക്രമണവുമായി ബന്ധപ്പെട്ട് എടുത്ത കേസുകളും തുടർ നടപടികളെ കുറിച്ചും കത്തിൽ വിശദീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കേന്ദ്രസർക്കാർ വിശദീകരണം തേടിയ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി മറുപടി നൽകിയത്. 

ബിജെപി അദ്ധ്യക്ഷൻറെ  വാഹനവ്യൂഹത്തിനെതിരെ നടന്ന ആക്രമണത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് രാജേഷ് സിംഗയുടെ പേരുമുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി ഭരണഘടനാവിരുദ്ധ നിലപാട് എടുക്കരുതെന്ന് ഗവർണ്ണർ പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. സംഘര്‍ഷം തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 19, 20 തീയ്യതികളില്‍ കൊല്‍ക്കത്തയിലെത്തും. പശ്ചിമ ബംഗാൾ പിടിക്കാൻ ആഞ്ഞുശ്രമിക്കുന്ന ബിജെപി ജെപി നഡ്ഢയ്ക്കെതിരായ ആക്രമണം വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ്. 

click me!