
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ കൂടുതൽ സമയം സംസാരിച്ചതിന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി ശാസിച്ചു. അനിൽ വിജിന്റെ എട്ടര മിനിറ്റ് പ്രസംഗത്തിനിടെ നാല് തവണയാണ് അമിത് ഷാ ഇടപ്പെട്ടത്. എന്നിട്ടും പ്രസംഗം തുടർന്ന മന്ത്രിയെ അമിത് ഷാ ഇടപെട്ട് അവസാനിപ്പിച്ചു. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അനുവദിച്ചതെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. ഹരിയാനയിലെ സൂരജ്കുണ്ഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറായിരുന്നു മുഖ്യപ്രഭാഷണം.
പരിപാടിയിൽ അമിത് ഷാക്ക് നന്ദി പറയുകയായിരുന്നു അനിൽ വിജിന്റെ ചുമതല. എന്നാൽ അദ്ദേഹം വിഷയത്തിൽ നിന്ന് തെന്നിമാറി ഹരിയാനയുടെ ചരിത്രത്തിലേക്കും ഹരിതവിപ്ലവത്തിനുള്ള സംഭാവനയിലേക്കും ഒളിമ്പിക്സിലെ സംസ്ഥാനത്തിന്റെ പ്രകടനത്തിലേക്കും സംസ്ഥാന സർക്കാർ നിർമ്മിച്ച കായിക അടിസ്ഥാന സൗകര്യങ്ങളിലേക്കും മാറി. എല്ലാ ആഴ്ചയും താൻ നടത്തുന്ന പരാതി പരിഹാര സെഷനെക്കുറിച്ചും മന്ത്രി വാചാലനായി. മന്ത്രിക്ക് വിഷയത്തിൽ നിന്ന് തെന്നിമാറിയതോടെ അമിത് ഷാ മന്ത്രിക്ക് ഒരു കുറിപ്പ് അയച്ചു. സംസാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടായിരുന്നു കുറിപ്പ്. എന്നാൽ കുറിപ്പ് അവഗണിച്ച് മന്ത്രി പ്രസംഗം തുടർന്നതോടെ അമിത് ഷാ മൈക്ക് ഓണാക്കി പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു. എന്നിട്ടും മന്ത്രി പ്രസംഗം തുടർന്നു. 'അനിൽജി, നിങ്ങൾക്ക് അഞ്ച് മിനിറ്റ് അനുവദിച്ചു. നിങ്ങൾ ഇതിനകം എട്ടര മിനിറ്റ് സംസാരിച്ചു. ദയവായി നിങ്ങളുടെ പ്രസംഗം അവസാനിപ്പിക്കണം. ഇത്രയും നീണ്ട പ്രസംഗങ്ങൾ നടത്താനുള്ള സ്ഥലമല്ല ഇത്. ചുരുക്കി പറയൂ'- എന്ന് അമിത് ഷാക്ക് പറയേണ്ടി വന്നു.
'എൻഐഎക്ക് വിശാല അധികാരം, 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ': അമിത് ഷാ
എന്നാൽ തനിക്ക് ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ് അനിൽ കുറച്ച് സമയം കൂടി ചോദിച്ചു. അമിത് ഷാ അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ സംസാരം നീണ്ടു. ഒടുവിൽ അസ്വസ്ഥനായ അമിത് ഷാ ഇത് നടക്കില്ലെന്നും അവസാനിപ്പിക്കണമെന്നും കർശനമായി ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അധിക സമയം എടുത്തതിനെ തുടർന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന് അനുവദിച്ച അഞ്ച് മിനിറ്റാക്കി കുറച്ചു. രണ്ട് ദിവസത്തെ പരിപാടിയിൽ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയെ അഭിസംബോധന ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam