
ജോധ്പുർ (രാജസ്ഥാൻ): ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. ഭാരത് ജോഡോ യാത്ര പോകുന്നതിനു മുൻപ് ഇന്ത്യയുടെ ചരിത്രം രാഹുൽ ഗാന്ധി പഠിക്കണമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. വിദേശ നിർമ്മിത ടീഷർട്ട് ധരിച്ചാണ് രാഹുലിന്റെ യാത്രയെന്നും അമിത് ഷാ പരിഹസിച്ചു. രാജസ്ഥാനിലെ ജോധ്പൂരിൽവെച്ചായിരുന്നു അമിത്ഷായുടെ പ്രതികരണം.
മുമ്പ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് രാഹുൽ ബാബയെയും കോൺഗ്രസുകാരെയും ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ ഒരു രാജ്യമല്ലെന്ന് രാഹുൽ പറഞ്ഞിരുന്നു. ഏത് പുസ്തകത്തിലാണ് താങ്കൾ ഇത് വായിച്ചത്? ലക്ഷക്കണക്കിന് ആളുകൾ ജീവൻ ബലിയർപ്പിച്ച രാജ്യമാണിതെന്നും അമിത് ഷാ വ്യക്തമാക്കി. രാജസ്ഥാനിലെ ജോധ്പൂരിൽ ബിജെപി ബൂത്ത് ലെവൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി ഭാരതത്തെ ഐക്യപ്പെടുത്താൻ യാത്രയിലാണ്. പക്ഷേ അദ്ദേഹം ഇന്ത്യൻ ചരിത്രം പഠിക്കേണ്ടതുണ്ടെന്നാണ് താൻ കരുതുന്നതെന്നും അമിത് ഷാ പറഞ്ഞു. വികസനത്തിനായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നുംപ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും മാത്രമേ കോൺഗ്രസിന് സാധിക്കൂവെന്നും അമിത് ഷാ പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി വിലകൂടിയ വിദേശനിർമിത ടീ ഷർട്ടാണ് ഉപയോഗിക്കുന്നതെന്ന് ബിജെപി നേതാക്കൾ നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
നേരത്തെ, രാഹുൽ ധരിച്ചിരിക്കുന്നത് 41,527 രൂപയുടെ ടീ ഷർട്ടാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ബർബെറി ടീ ഷർട്ടിന്റെ ചിത്രവും രാഹുൽ അത് ധരിച്ച് നിൽക്കുന്ന ചിത്രവും പങ്കു വച്ചാണ് ബിജെപിയുടെ സോഷ്യൽ മീഡിയ ക്യാംപെയ്ൻ. രാഹുൽ ഗാന്ധി ധരിച്ച ബർബെറി ടീ ഷർട്ടിന്റെ വില സഹിതമാണ് 'ഭാരത് ദേഖോ' (ഭാരതമോ കാണൂ) എന്ന പേരിൽ ബിജെപി ക്യാംപെയ്ൻ. ട്വിറ്ററിലെ പ്രചാരണത്തിന് ചുട്ട മറുപടിയുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നോ എന്നാണ് ബിജെപിയോട് കോൺഗ്രസിന്റെ മറു ചോദ്യം. മോദിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടിനെക്കുറിച്ചും 1.5 ലക്ഷത്തിന്റെ കണ്ണാടിയെ കുറിച്ചും ചർച്ച ചെയ്യാമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കാനും ബിജെപിയോട് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam