Asianet News MalayalamAsianet News Malayalam

രാഹുലിന്റെ ടീ ഷ‌ർട്ടിന് 41,257 രൂപ! 'ഭാരത് ദേഖോ' എന്ന് ബിജെപി, മോദിയുടെ സ്യൂട്ടും ചർച്ച ചെയ്യാമെന്ന് കോൺഗ്രസ്

രാഹുൽ ഗാന്ധി ധരിച്ച ബർബെറി ടീ ഷർട്ടിന്റെ വില സഹിതമാണ് 'ഭാരത് ദേഖോ' എന്ന പേരിൽ ബിജെപി ക്യാംപെയ്ൻ. ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നോ എന്ന് ബിജെപിയോട് കോൺഗ്രസ്

BJP Congress fight over Rahul Gandhi's t shirt
Author
First Published Sep 9, 2022, 4:38 PM IST

ദില്ലി: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ധരിച്ച ടീ ഷർട്ടിനെ ചൊല്ലി വിവാദം. രാഹുൽ ധരിച്ചിരിക്കുന്നത് 41,527 രൂപയുടെ ടീ ഷർട്ടാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ബർബെറി ടീ ഷർട്ടിന്റെ ചിത്രവും രാഹുൽ അത് ധരിച്ച് നിൽക്കുന്ന ചിത്രവും പങ്കു വച്ചാണ് ബിജെപിയുടെ സോഷ്യൽ മീഡിയ ക്യാംപെയ്ൻ. രാഹുൽ ഗാന്ധി ധരിച്ച ബർബെറി ടീ ഷർട്ടിന്റെ വില സഹിതമാണ് 'ഭാരത് ദേഖോ' (ഭാരതമോ കാണൂ) എന്ന പേരിൽ ബിജെപി ക്യാംപെയ്ൻ. ട്വിറ്ററിലെ പ്രചാരണത്തിന് ചുട്ട മറുപടിയുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 

ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നോ എന്നാണ് ബിജെപിയോട് കോൺഗ്രസിന്റെ മറു ചോദ്യം. മോദിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടിനെക്കുറിച്ചും 1.5 ലക്ഷത്തിന്റെ കണ്ണാടിയെ കുറിച്ചും ചർച്ച ചെയ്യാമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കാനും ബിജെപിയോട് കോൺഗ്രസ് ആവശ്യപ്പെട്ടു. 

ഇന്ത്യയെ കേൾക്കാൻ രാഹുൽ, ഭാരത് ജോഡോ യാത്ര നാഗർകോവിലിൽ നിന്ന്, മറ്റന്നാൾ യാത്ര കേരളത്തിൽ പ്രവേശിക്കും

അതേസമയം കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര നാഗർകോവിൽ പിന്നിട്ടു. മറ്റന്നാൾ യാത്ര കേരളത്തിലെത്തും. പ്രാർത്ഥനായോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തിൽ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്നും പതാക രാഹുൽ ഗാന്ധി ഏറ്റുവാങ്ങിയതോടെയാണ് നൂറ്റിയമ്പത് ദിവസം നീളുന്ന യാത്രക്ക് തുടക്കമായത്.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. മുതിർന്ന നേതാക്കളടക്കം 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പമുളളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും. 150 ദിവസം ഹോട്ടലുകളിൽ പോലും താങ്ങാതെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര. രാഹുൽ ഗാന്ധി ഉൾപ്പടെ യാത്രാ അംഗങ്ങൾ എല്ലാവർക്കും താമസം ഒരുക്കിയിരിക്കുന്നത് 60 കണ്ടെയ്നർ ലോറികളിൽ ആണ്. ഭക്ഷണം ആകട്ടെ വഴിയോരത്തും. ഇനിയുള്ള 5 മാസം യാത്രാ അംഗങ്ങളുടെ ദിനചര്യ ഇതായിരിക്കും.

Follow Us:
Download App:
  • android
  • ios