
ദില്ലി : കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാക്കി ഒരു വിഭാഗം. ശശി തരൂർ ഉൾപ്പടെ അഞ്ച് എംപിമാർ നേതൃത്വത്തിന് സംയുക്തമായി കത്ത് നല്കി. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പത്രിക നല്കാനുള്ള നടപടി ഈ മാസം 22ന് തുടങ്ങാനിരിക്കെ, വോട്ടർമാർ ആരൊക്കെയാണെന്ന് ഇപ്പോഴും അറിയില്ലെന്നാണ് പാർട്ടിയുടെ അഞ്ച് എംപിമാർ വരണാധികാരിയായ മധുസൂദൻ മിസ്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്.
എല്ലാ സംസ്ഥാനങ്ങളിലുമെത്തി വോട്ടർ പട്ടിക പരിശോധിക്കാൻ നേതാക്കൾക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ നിഷ്പക്ഷ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പത്രിക പ്രസിദ്ധീകരിക്കണം. മുതിർന്ന നേതാക്കളായ ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, അബ്ദുൾ ഖാലിക്, പ്രദ്യുത് ബർദലോയി എന്നിവർ ഒന്നിച്ചാണ് കത്ത് നല്കിയത്. കോൺഗ്രസ് പാർട്ടിയുടെ രഹസ്യരേഖ പുറത്തുവിടണമെന്നല്ല നിർദ്ദേശമെന്നും കത്തിൽ പറയുന്നുണ്ട്.
എന്നാലിത് അനാവശ്യ വിവാദമെന്നാണ് എ ഐ സി സി നേതൃത്വത്തിന്റെ പ്രതികരണം. പി സി സികളുടെ കൈയ്യിലുള്ള പട്ടിക ആർക്കും പരിശോധിക്കാമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ കെ സി വേണുഗോപാൽ നടപടികൾ സുതാര്യമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
കൂടുതൽ നേതാക്കൾ വോട്ടർ പട്ടിക ചോദിച്ച് വരും ദിവസങ്ങളിൽ കത്ത് നല്കാനാണ് സൂചന. പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും ഇതിനോട് ചേർന്നത് ജി 23 നേതാക്കൾക്ക് കരുത്താവുകയാണ്. പി ചിദംബരത്തിൻറെ അറിവോടെയാണിതെന്നാണ് സൂചന. രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകാനില്ല എന്ന സൂചന ഇന്നലെ വീണ്ടും നല്കിയിരുന്നു. അദ്ധ്യക്ഷനാകാനില്ലെങ്കിൽ പിന്നെ എന്തിന് രാഹുൽ ഭാരത് ജോഡോ യാത്ര നയിക്കുന്നുവെന്ന ചോദ്യമാണ് പാർട്ടിയുടെ ഉള്ളിൽ നിന്നും ഉയരുന്നത്.
read more കെപിസിസി അധ്യക്ഷനെ സോണിയ ഗാന്ധി തീരുമാനിക്കും, പ്രമേയം പാസ്സാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam