'ഭിന്ദ്രന്‍വാലയെ പോലെ തോന്നിക്കാന്‍ അമൃത്പാല്‍ സര്‍ജറി നടത്തി'; അനുയായിയുടെ വെളിപ്പെടുത്തല്‍

Published : Apr 07, 2023, 01:50 PM IST
'ഭിന്ദ്രന്‍വാലയെ പോലെ തോന്നിക്കാന്‍ അമൃത്പാല്‍ സര്‍ജറി നടത്തി'; അനുയായിയുടെ വെളിപ്പെടുത്തല്‍

Synopsis

2022 ജൂണ്‍ 20 മുതല്‍ ആഗസ്റ്റ് 18 വരെയാണ് അമൃത്പാല്‍ ജോര്‍ജിയയില്‍ തങ്ങിയത്. വെളിപ്പെടുത്തല്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍.

അമൃത്സര്‍: ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയെ പോലെ തോന്നിക്കാന്‍ ഖലിസ്ഥാന്‍വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുന്‍പ് ജോര്‍ജിയയില്‍ വച്ചാണ് അമൃത്പാല്‍ സര്‍ജറി നടത്തിയത്. അസമിലെ ദിബ്രുഗഡ് ജയിലില്‍ കഴിയുന്ന അനുയായിയാണ്, അമൃത്പാല്‍ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തിയ കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മാസത്തോളം അമൃത്പാല്‍ ജോര്‍ജിയയില്‍ താമസിച്ചതായാണ് റിപ്പോര്‍ട്ട്. 2022 ജൂണ്‍ 20 മുതല്‍ 2022 ആഗസ്റ്റ് 18 വരെയാണ് അമൃത്പാല്‍ ജോര്‍ജിയയില്‍ തങ്ങിയത്. അനുയായിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഭിന്ദ്രന്‍വാലയെ പോലെ വസ്ത്രം ധരിക്കുന്ന അമൃത്പാലിനെ അനുയായികള്‍ വിളിക്കുന്നതും ഭിന്ദ്രന്‍വാല 2.0 എന്നാണ്. വാരിസ് പഞ്ചാബ് ദേ എന്നാല്‍ പഞ്ചാബിന്റെ അവകാശികള്‍ എന്നാണ് അര്‍ത്ഥം. 2021ലെ റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവാണ് വാരിസ് പഞ്ചാബ് ദേയുടെ സ്ഥാപകന്‍. 2022 ഫെബ്രുവരിയില്‍ ഒരു വാഹനാപകടത്തില്‍ സിദ്ദു മരിച്ചു. അതിന് ശേഷം വാരിസ് പഞ്ചാബ് ദേയുടെ നേതാവായി സ്വയം അവരോധിച്ച ആളാണ് അമൃത്പാല്‍. 
1984 ജൂണ്‍ ആറിന് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ നീക്കത്തിലാണ് ഭിന്ദ്രന്‍വാല കൊല്ലപ്പെട്ടത്. 

അതേസമയം, അമൃത്പാല്‍ സിഖ് സംഘടനകളുടെ യോഗത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ പഞ്ചാബില്‍ കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 14-ാം തീയതി ബൈശാഖി ദിനത്തില്‍ സര്‍ബത് ഖല്‍സ സമ്മേളനം വിളിച്ചുകൂട്ടാന്‍ സിഖ് സംഘടനയായ അകാല്‍ തഖ്ത് മേധാവികളോടാണ് അമൃത്പാല്‍ ആവശ്യപ്പെട്ടത്. അമൃത്സറിലെ അകാല്‍ തഖ്തില്‍ നിന്ന് ബത്തിന്‍ഡയിലെ ദംദാമ സാഹിബിലേക്ക് ഘോഷയാത്ര നടത്താനും അമൃത്പാല്‍ വീഡിയോ സന്ദേശത്തിലൂടെ സിഖ് സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

യോഗം വിളിക്കണമെന്ന ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ 14-ാം തീയതി വരെ പഞ്ചാബിലെ എല്ലാ പൊലീസുകാരുടെയും അവധി റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. എല്ലാ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് പൊലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി ഡിജിപി ഗൗരവ് യാദവിന്റെ ഉത്തരവില്‍ പറയുന്നു. നേരത്തെ അനുവദിച്ച എല്ലാ അവധികളും റദ്ദാക്കാനും പുതിയ അവധികള്‍ അനുവദിക്കരുതെന്നും ഡിജിപി നിര്‍ദേശിച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ യോഗം വിളിക്കുന്ന കാര്യത്തില്‍ അകാല്‍ തഖ്ത് മേധാവിയുടേതാണ് അന്തിമതീരുമാനമെന്നും അമൃത്പാലിന്റേത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്നും ശിരോമണി ഗുരൃദ്വാര പര്‍ബന്ധക് കമ്മിറ്റി ജനറല്‍ സെക്രട്ടറി പറഞ്ഞു. സിഖ് പണ്ഡിതരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ യോഗത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂയെന്നും അദ്ദേഹം പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും