
ദില്ലി : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങും ചേർന്നാണ് കിരൺ കുമാർ റെഡ്ഡിക്ക് അംഗത്വം നൽകിയത്. മുൻപ് കണ്ടപ്പോൾ തന്നെ ബിജെപി ചേർന്ന് പ്രവർത്തിക്കണമെന്ന് കിരൺ റെഡ്ഡിയോട് നിർദേശിച്ചിരുന്നുവെന്ന് പ്രൾഹാദ് ജോഷി പറഞ്ഞു. ആന്ധ്രപ്രദേശിലെ ബിജെപിയുടെ പ്രവർത്തനങ്ങൾക്ക് കിരൺ റെഡ്ഡി കരുത്താകുമെന്നും തെലങ്കാനയിലും ബന്ധങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ നിശിതമായി വിമർശിച്ചുകൊണ്ടാണ്, ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കിരൺ റെഡ്ഡി സംസാരിച്ചത്. കോൺഗ്രസ് വിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വം എടുക്കുന്നത് തെറ്റായ തീരുമാനമാണ്. പ്രാദേശിക നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ല. ഏത് നേതാവിന് എന്ത് ചുമതല നൽകണം എന്ന് നേതൃത്വത്തിന് അറിയില്ല. വസ്ത്രം തയ്പ്പിക്കാൻ ബാർബറെ ഉപയോഗിക്കാനാകില്ലല്ലോ! ടെസ്റ്റ് നടത്താതെ മരുന്ന് കഴിക്കാതെ അസുഖം മാറും എന്ന് കോൺഗ്രസ് കരുതരുത്. ബിജെപിക്ക് സർക്കാരിലും പാർട്ടിയിലും ആശയ വ്യക്തതയുണ്ട്. തീരുമാനം എടുക്കാനുള്ള ധൈര്യമുണ്ടെന്നും കിരൺ റെഡ്ഡി പറഞ്ഞു.
2010 മുതല്‍ 2014 വരെ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു കിരണ്‍ കുമാര്‍ റെഡ്ഡി. സംസ്ഥാന വിഭജനത്തിന് പിന്നാലെ 2014ല്‍ മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും അദ്ദേഹം രാജി വച്ചിരുന്നു. സംസ്ഥാനം വിഭജിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി വച്ചത്. 2014ല്‍ തന്നെ ജയ് സമൈക്യന്ദ്ര പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ വന്‍പരാജയമായിരുന്നു നേരിടേണ്ടി വന്നത്. തുടര്‍ന്ന് 2018 ജൂലൈയില്‍ പാര്‍ട്ടി പിരിച്ചുവിട്ട് വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാൽ ആഴ്ചകൾക്ക് മുമ്പ് അദ്ദേഹം വീണ്ടും കോൺഗ്രസിൽ നിന്ന് രാജി വച്ചു.
Readb More : ആന്ധ്ര മുന്‍ മുഖ്യമന്ത്രി ബിജെപിയിലേക്കെന്ന് സൂചന; കോണ്‍ഗ്രസ് വിട്ടത് ആഴ്ചകള്‍ക്ക് മുന്‍പ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam