ഭര്‍ത്താവില്‍നിന്നുള്ള പീഡനം; എയിഡ്സ് രോഗിയായ യുവതി ആത്മഹത്യ ചെയ്തു

By Web TeamFirst Published Nov 3, 2019, 6:29 PM IST
Highlights

ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതിയും  പ്രതിയും സമീപത്തെ സിവില്‍ ഹോസ്പിറ്റലില്‍ വച്ച്  കണ്ടുമുട്ടിയത്. ഇരുവരും എയിഡ്സ് രോഗികളാണെന്ന് തിരിച്ചറിഞ്ഞാണ് വിവാഹം ചെയ്യാമെന്ന് തീരുമാനിച്ചത്. 

അഹമ്മദാബാദ്: ബന്ധുക്കളില്‍ നിന്നുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ സഹിക്കാനാകാതെ എയിഡ്സ് രോഗ ബാധിതയായ യുവതി ആത്മഹത്യ ചെയ്തു. അഹമ്മദാബാദിലെ സരസ്പൂരിന് സമീപമാണ് സംഭവം. യുവതിയുടെ മരണത്തില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു. 

ഭര്‍ത്താവും ഭര്‍ത‍ൃ സഹോദരിയും മകളെ മാനസ്സികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ഇവര്‍ വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ ഭര്‍ത്താവും എയിഡ്സ് രോഗിയാണ്. ഷഹെര്‍ക്കോഡ പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. 

ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതിയും  പ്രതിയും സമീപത്തെ സിവില്‍ ഹോസ്പിറ്റലില്‍ വച്ച്  കണ്ടുമുട്ടിയത്. രണ്ട് കുടുംബങ്ങള്‍ക്കും വിവാഹത്തില്‍ സമ്മതമായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ വിവാഹം നടന്നു. ഇരുവരും എയിഡ്സ് രോഗികളാണെന്ന് തിരിച്ചറിഞ്ഞാണ് വിവാഹം ചെയ്യാമെന്ന് തീരുമാനിച്ചത്. 

വിവാഹത്തിന് ശേഷം യുവതി ഗര്‍ഭിണിയായപ്പോള്‍ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കാനായി എത്തി. കുഞ്ഞ് ജനിച്ച ഉടന്‍ തന്നെ മരിക്കുകയും ചെയ്തു. യുവതിയുടെ ഭര്‍തൃ വീട്ടുകാര്‍ ഇവരെ തിരിച്ചുകൊണ്ടുപോകുകയും രക്ഷിതാക്കളുമായി സംസാരിക്കുന്നത് വിലക്കുകയും ചെയ്തു.  തുടര്‍ന്ന കടുത്ത മാനസ്സിക ശാരീരിക പീഡനങ്ങളാണ് യുവതി ഭര്‍തൃവീട്ടില്‍ അനുഭവിച്ചത്. 

ഒക്ടോബര്‍ 30ന് യുവതിയുടെ സഹോദരനെ ഫോണില്‍ വിളിച്ച ഭര്‍തൃ സഹോദരി, യുവതി മരിച്ചതായി അറിയിച്ചു. വീട്ടിനുള്ളില്‍ മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പറഞ്ഞു. ഇതോടെ യുവതിയുടെ കുടുംബം ഭര്‍തൃവീട്ടിലെത്തി. സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തുകയും യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരിക്കുമെതിരെ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. 

click me!