1940 -കളിൽ മഹാത്മാഗാന്ധി എന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഐക്കൺ ആയി മാറിക്കഴിഞ്ഞിരുന്നു. പതിനായിരക്കണക്കിന് ഭടന്മാരും അന്നത്തെ അത്യാധുനിക പടക്കോപ്പുകളും ഒക്കെയുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തെ അഹിംസ എന്ന ബ്രഹ്‌മാസ്‌ത്രത്താൽ മുട്ടുകുത്തിച്ച ആ യുഗപ്രഭാവന്റെ ആരാധകരായി അന്ന് ലോകമെമ്പാടുമായി ലക്ഷക്കണക്കിനുപേരുണ്ടായിരുന്നു. എന്നാൽ, ആരാധകലക്ഷങ്ങളെ സമ്പാദിച്ചു നൽകിയ അതേ തത്വചിന്തകൾ തന്നെ ഗാന്ധിജിക്ക് ആജന്മശത്രുക്കളെയും സമ്മാനിച്ചിരുന്നു. അതിലൊരാൾ, നഥൂറാം വിനായക് ഗോഡ്‌സെ, സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരോട് ചേർന്ന് ഗാന്ധിജിയെ വധിക്കാനുള്ള പദ്ധതികൾ മെനയുകയായിരുന്നു. 
 


1948 ജനുവരി 30 -ന്  വൈകുന്നേരം തന്റെ പതിവ് പ്രാർത്ഥനായോഗത്തിൽ സംബന്ധിക്കുവാനായി മനുവിനും ആഭയ്ക്കുമൊപ്പം ബിർളാ ഹൗസിലെ പുൽത്തകിടിയിലേക്ക് നടന്നുപോവുകയായിരുന്ന ആ വയോധികന്റെ നെഞ്ചത്തേക്ക് മൂന്നു വെടിയുണ്ടകൾ പായിച്ച് നഥൂറാം തന്റെ വൈരാഗ്യം അവസാനിപ്പിച്ചു. ആജീവനാന്തം അഹിംസയ്ക്കുവേണ്ടി മാത്രം ശബ്ദമുയർത്തിയ നാവുകൊണ്ട് അവസാനമായി 'ഹേ... റാം ' എന്നുവിളിച്ച്, പ്രതിഷേധലേശമില്ലാതെ ആ മഹാത്മാവ് മരണത്തിന് കീഴടങ്ങി. മഹാത്മാവിന്റെ മരണം അവിടെ പൂർത്തിയായി, ആ വധം നടപ്പിലാക്കിയ നഥൂറാം വിനായക് ഗോഡ്‌സെയുടെ കുപ്രസിദ്ധി മരണാനന്തരവും ആ പേരിനെ പിന്തുടരുന്നു. 

ഗാന്ധിവധത്തിന്റെ അറിയാക്കഥകൾ, മഹാത്മാവിനു നേരെ വെടിയുതിർത്ത തോക്കിന്റെ ഉടമയാര്?

ഗാന്ധിയെ ആരാധിച്ച ഗോഡ്‌സെയുടെ ബാല്യകൗമാരങ്ങൾ 

1910  മെയ് 19 -ന് മഹാരാഷ്ട്രയിലെ ബാരാമതിയിൽ പോസ്റ്റൽ ജീവനക്കാരനായ വിനായക് വാമൻറാവു ഗോഡ്സേക്കും ലക്ഷ്മിക്കും അഞ്ചാമത്തെ സന്താനമായിട്ടാണ് രാമചന്ദ്ര ജനിക്കുന്നത്. ആദ്യം പിറന്ന മൂന്നാണ്മക്കൾ അകാലത്തിൽ മരിക്കുകയും, തുടർന്ന് ജനിച്ച പെൺകുഞ്ഞ് അസുഖമൊന്നുമേശാതെ വളർന്നുവരികയും ചെയ്തതിനു ശേഷമാണ് രാമചന്ദ്രയുടെ ജനനം. അതുകൊണ്ട്, സ്വാഭാവികമായും, തങ്ങളുടെ ആദ്യത്തെ മൂന്നുപുത്രന്മാരുടെയും ജീവനപഹരിച്ച യമദേവൻ അവശേഷിക്കുന്ന പുത്രനെയും തങ്ങളിൽ നിന്ന് അടർത്തിമാറ്റുമോ എന്ന ഭയത്താൽ, ആ ദമ്പതികൾ തങ്ങളുടെ മകനെ പെണ്ണായി വളർത്താൻ തീരുമാനിക്കുന്നു. മൂക്ക് തുളച്ച്, പെൺകുട്ടികളെപ്പോലെ മൂക്കുത്തിയൊക്കെ അണിയിച്ചാണ് രാമചന്ദ്രയെ വളർത്തിയത്. കുഞ്ഞ് വളർന്നുവന്നപ്പോൾ രാമചന്ദ്ര എന്ന അവന്റെ പേര് ക്ഷയിച്ചുക്ഷയിച്ച് റാം എന്നായി ചുരുങ്ങി. നഥ്നി എന്നാൽ മൂക്കുത്തി. മൂക്കുത്തിധാരിയായ റാം എന്ന അർത്ഥത്തിൽ അവനെ 'നഥൂറാം' എന്ന് എല്ലാവരും വിളിച്ചുതുടങ്ങി. അടുത്തതായി ഒരു ആൺകുഞ്ഞ് ജനിച്ചിട്ടും നഥൂറാമിന്റെ ആയുരാരോഗ്യസൗഖ്യങ്ങൾക്ക് ഉലച്ചിലൊന്നും തട്ടാതിരുന്നപ്പോള്‍ മാത്രമാണ് അവനിൽ നിന്ന് സ്ത്രീസൂചകമായ  ചിഹ്നങ്ങൾ മാറ്റാൻ അച്ഛനുമമ്മയും തയ്യാറായത്. അനുജൻ ജനിച്ച ശേഷം മൂക്കുത്തിയും, സ്ത്രീവേഷവുമെല്ലാം മാറിയെങ്കിലും 'നഥൂറാം' എന്ന പേരുമാത്രം അവനെ വിട്ടുമാറിയില്ല. 

കൗമാരത്തിൽ തന്നെ അസാമാന്യമായ കായികബലവും കേളീപാടവവും പ്രകടിപ്പിച്ചിരുന്നു നഥൂറാം. ആവശ്യത്തിന് ബുദ്ധിയൊക്കെ ഉണ്ടായിരുന്നു എങ്കിലും പഠിപ്പിൽ വളരെ മോശമായിരുന്ന നഥൂറാം അതുകൊണ്ടുതന്നെ മെട്രിക്കുലേഷൻ പാസായില്ല. അന്ന് സർക്കാർ ജോലി കിട്ടണമെങ്കിൽ മെട്രിക്കുലേഷൻ വേണമായിരുന്നു. അതുകൊണ്ട് ആ യോഗമുണ്ടായില്ല. നിസ്സഹകരണ പ്രസ്ഥാനം കൊണ്ടുപിടിച്ച് പ്രചരിപ്പിക്കപ്പെടുന്ന കാലമാണത്. തന്റെ കൗമാരകാലത്ത് നഥൂറാമും അനുജൻ ഗോപാലും തികഞ്ഞ ഗാന്ധിഭക്തന്മാരായിരുന്നു. സ്‌കൂൾ കാലത്ത് ഗാന്ധിജി തന്നെയായിരുന്നു ഇരുവരുടെയും റോൾ മോഡലും. 
 

'നഥൂറാം ഗോഡ്സെയും നാരായൺ ആപ്തെയും '

1929 -ൽ ഗോഡ്‌സെ കുടുംബം ബാരാമതിയിൽ നിന്ന് രത്നഗിരിയിലേക്ക് താമസം മാറ്റുന്നു. അവിടെ വെച്ച് വിനായക് ദാമോദർ സവർക്കർ എന്ന ഹിന്ദുമഹാസഭാ നേതാവിന്റെ ആശയങ്ങളെ പരിചയിക്കുന്നതാണ് നഥൂറാമിന്റെ ജീവിതത്തിലെ വഴിത്തിരിവ്. 

സ്വാതന്ത്ര്യലബ്‌ധിയോടടുപ്പിച്ചാണ് മുസ്‌ലിം ലീഗും ഹിന്ദു സംഘടനകളും തമ്മിൽ രണ്ടു രാജ്യങ്ങൾ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ തർക്കം നടക്കുന്നത്. അക്കാലത്തു തന്നെയാണ് ഹിന്ദു മഹാസഭയ്ക്കുവേണ്ടി ഗോഡ്സെയും നാരായൺ ആപ്തെയും ചേർന്ന് അഗ്രണി എന്ന പേരിൽ ഒരു പത്രം തുടങ്ങുന്നത്. 

ഗാന്ധിവധത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ 

1947 ഓഗസ്റ്റ് 15 -ന്  ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നു. എന്നാൽ, അതേസമയം മതപരമായ ആഭ്യന്തര സംഘർഷങ്ങളും അതിന്റെ പരകോടിയിലെത്തുന്നു. ഗാന്ധിജിയുടെ നയങ്ങളും പ്രവൃത്തികളും തന്റെയും തന്റെ സംഘടനയുടെയും പ്രഖ്യാപിതനയങ്ങൾക്ക് വിലങ്ങുനിൽക്കുന്നു എന്ന തോന്നൽ, അദ്ദേഹത്തെ ഇല്ലാതാക്കണം എന്ന തീരുമാനത്തിലേക്ക് ഗോഡ്സെയെയും സംഘത്തെയും എത്തിക്കുന്നു. 1948  ജനുവരി 30 -ന്  വൈകുന്നേരം 5.15 -ന്, പരാജയപ്പെട്ട നിരവധി മുന്നവസരങ്ങൾക്ക് ശേഷം, ആ പദ്ധതി വിജയകരമായി പൂർത്തിയാക്കപ്പെടുന്നു. 

1947 -ൽ തന്നെ വിഭജനാനന്തരം പഞ്ചാബ് പ്രവിശ്യയിൽ നടക്കുന്ന അക്രമങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി ഗാന്ധി ദില്ലിയിലേക്ക് താമസം മാറ്റിയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഹിന്ദുക്കൾ വിവേചനം നേരിടുന്നു എന്ന പക്ഷക്കാരനായിരുന്നു ഗോഡ്സേ. ഹൈദരാബാദിൽ വച്ചുനടന്ന ഒരു ഹിന്ദുറാലിയിൽ പങ്കെടുത്ത് അറസ്റ്റു ചെയ്യപ്പെടുന്നുണ്ട് ഗോഡ്സേ 1938 -ൽ. പിന്നീടങ്ങോട്ട് ജയിലിൽ സ്ഥിരം വിരുന്നുകാരനായിരുന്നു, പല കാരണങ്ങളാലും. 

ഗാന്ധിജിയാണ് വിഭജനത്തിന് കാരണക്കാരൻ എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഗോഡ്സേ. 1948 -ൽ പാകിസ്ഥാന് അന്നത്തെ 55 കോടി രൂപ ഇന്ത്യ വിട്ടുകൊടുക്കണം എന്ന് ഗാന്ധി വാദിച്ചതായിരുന്നു അവസാനത്തെ പ്രകോപനം. ഗാന്ധിജി അവസാനമായി ഉപവാസം തുടങ്ങിയ അന്നുതന്നെ ഗോഡ്സെയും കൂട്ടരും ഗാന്ധിയെ വധിക്കാനുള്ള പദ്ധതിക്കും തുടക്കമിട്ടു. മേല്പറഞ്ഞ പിസ്റ്റൾ വാങ്ങിയ ശേഷം ആ സംഘം ഗാന്ധിജിയെ പിന്തുടരാൻ തുടങ്ങി.

ഗാന്ധി ദില്ലിയിൽ ആദ്യം താമസിച്ചിരുന്നത് ഗോയൽ മാർക്കറ്റിനടുത്തുള്ള, വാല്മീകി സമുദായക്കാരുടെ അമ്പലത്തിലായിരുന്നു. അവിടെത്തന്നെയായിരുന്നു അദ്ദേഹം പ്രാർത്ഥനായോഗങ്ങളും സംഘടിപ്പിച്ചിരുന്നത്. അമ്പലത്തെ ഒരു അഭയാർഥിക്യാമ്പാക്കി മാറ്റാനുള്ള തീരുമാനം വന്നതോടെ ഗാന്ധിജി താമസം അൽബക്കെർക്ക് റോഡിലുള്ള ബിർളാ ഹൗസിലേക്ക് മാറ്റി. ബിർളാ ഹൗസ്സിലെ ഒരു മുറിയിൽ താമസിച്ചുകൊണ്ട്, ആ ബംഗ്ലാവിന്റെ പുൽത്തകിടിയിൽ അദ്ദേഹം പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിച്ചു.

1948 ജനുവരി 30 -ന് വൈകുന്നേരത്തെ പ്രാർത്ഥനായോഗത്തിലെത്താൻ ഗാന്ധി പത്തുമിനിറ്റ് വൈകിയിരുന്നു. സമയനിഷ്ഠയുടെ കാര്യത്തിൽ അത്രക്ക് നിർബന്ധബുദ്ധിയായിരുന്ന ഗാന്ധിജി തന്റെ അലസതയിൽ തന്നോടുതന്നെ പരിഭവിച്ചിരിക്കുകയായിരുന്നു. ആ നടത്തത്തിനിടെ ഒരു യുവാവ്, നാഥുറാം വിനായക് ഗോഡ്സേ, കൂപ്പിയ കൈകളോടെ ഗാന്ധിജിയുടെ നേർക്കടുത്തു. മനുബെൻ കരുതിയത് അയാൾ ഗാന്ധിജിയുടെ കാൽക്കൽ നമസ്കരിക്കാൻ പോവുകയാണെന്നാണ്. അവർ വിലക്കി,"ബാപ്പു ഇപ്പോൾ തന്നെ പത്തു മിനിറ്റ് വൈകിയിട്ടുണ്ട്. അദ്ദേഹത്തെ കൂടുതൽ പരിഹാസ്യനാക്കരുത്. മാറൂ..."
 


ആ വിലക്ക് ചെവിക്കൊള്ളാതെ ഗോഡ്സേ മനുവിനെ തള്ളിമാറ്റി. മനുവിന്റെ കയ്യിൽ നിന്ന് നോട്ടുബുക്കും രുദ്രാക്ഷമാലയും മറ്റും താഴെവീണു. അത് എടുക്കാൻ കുനിഞ്ഞ മനു ബെൻ കണ്ടത് കൈകൾ കൂപ്പിക്കൊണ്ട്, 'ഹേ റാം... ഹേ റാം...' എന്ന് മന്ത്രിച്ചുകൊണ്ട് താഴെവീഴുന്ന ബാപ്പുവിനെയാണ്. പിസ്റ്റളിന്റെ വെടിയൊച്ചയിൽ എല്ലാവരുടെയും ചെവിടുപൊട്ടി. കടുത്ത പുക അവിടെങ്ങും പരന്നു. മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിജിയുടെ വയറ്റിൽ തുളച്ചുകയറിയത്. ചോര വാർന്നൊഴുകി. അവിടെ ആഭാബെന്നിന്റെ മടിയിൽ കിടന്ന് ഗാന്ധിജി തന്റെ അന്ത്യശ്വാസം വലിച്ചു. ഗോഡ്സേ രക്ഷപ്പെടാൻ ശ്രമിച്ചില്ല. ഓടിക്കൂടിയവർക്കുമുന്നിൽ കീഴടങ്ങിയ അയാൾ പൊലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു.

ഗാന്ധിജിയുടെ വധത്തിനു ശേഷം എന്തുണ്ടായി എന്ന കാര്യത്തിൽ രണ്ടു വ്യാഖ്യാനങ്ങൾ ചരിത്രത്തിലുണ്ട്. ഒന്ന്, കൊലക്കു ശേഷം  ഗോഡ്‌സെ നിരുപാധികം കീഴടങ്ങി, അറസ്റ്റു ചെയ്യപ്പെട്ടു എന്നതും രണ്ട്, ജനക്കൂട്ടം ഗോഡ്‌സെയെ കായികമായി കൈകാര്യം ചെയ്ത ശേഷം പൊലീസിൽ ഏൽപ്പിച്ചു എന്നതും. ഹിന്ദുക്കളുടെ ഭാവി നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ മനുഷ്യനെ വധിച്ചത് താൻ തന്നെയാണ് എന്ന് ഗോഡ്‌സെ പൊലീസിനോട് സമ്മതിച്ചു. 

വിചാരണ 

കോടതിമുറിയിൽ നൽകിയ അവസാന മൊഴിയിൽ ഗോഡ്‌സെ താൻ ആ കൊലപാതകം എന്തിനാണ് ചെയ്തത് എന്ന് വിശദമായി പറയുന്നുണ്ട്. ഹിന്ദിക്ക് പകരം ഹിന്ദിയും ഉർദുവും കലർന്ന ഹിന്ദുസ്ഥാനി എന്നൊരു ഭാഷ ദേശീയ ഭാഷയാക്കണം എന്ന ഗാന്ധിജിയുടെ ആവശ്യവും, വിഭജനത്തിൽ ഗാന്ധിജിയുടെ പങ്കും ഒക്കെയാണ് കാരണങ്ങളായി ഗോഡ്‌സെ എടുത്തെടുത്ത് പറഞ്ഞത്. അതിനു പ്രതികാരമായി താൻ പ്രവർത്തിച്ച കർമ്മത്തിന് കോടതി തരുന്ന എന്തുശിക്ഷയും താൻ സസന്തോഷം ഏറ്റുവാങ്ങുമെന്ന് ഗോഡ്‌സെ പറഞ്ഞു. 

അന്വേഷണം, അറസ്റ്റുകൾ, വിചാരണ, ഒടുവിൽ ശിക്ഷയും... 

ഗാന്ധിജിയുടെ വധം കഴിഞ്ഞ് ഗോഡ്‌സെ പിടിക്കപ്പെട്ട്, പിന്നെയും ഒരു മാസത്തിനു ശേഷം ഫെബ്രുവരി 3 -നാണ് ഗ്വാളിയോറിലെ ഷിൻഡെ ദി ചൗക്ക് നിവാസിയായിരുന്ന ഡോ. പർച്ചുരെയെ ഗാന്ധിവധത്തിലെ ഗൂഢാലോചന ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാരായൺ ആപ്‌തെ,ഗംഗാധർ ജാധവ്, സൂര്യദേവ് ശർമ്മ തുടങ്ങി പിന്നീട് എട്ടുപേര്‍ കൂടി ഗൂഢാലോചനയിൽ പ്രതികളായി. രണ്ടാഴ്ച കഴിഞ്ഞ് അറസ്റ്റ് ഔപചാരികമായി രേഖപ്പെടുത്തുമ്പോഴേക്കും ഗൂഢാലോചനയിലെ പങ്കിനെപ്പറ്റി ഗ്വാളിയോർ ഫസ്റ്റ് കേസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഡോ.പർച്ചുരെ കുറ്റസമ്മതം നടത്തിക്കഴിഞ്ഞിരുന്നു. പിന്നീട് ആ കുറ്റസമ്മതമൊഴി അയാൾ തന്നെ നിഷേധിച്ചു എങ്കിലും. ഗോയലിൽ നിന്ന് ദന്തവതെ വഴി ഡോ. പർച്ചുരെയിലേക്ക്, അവിടെ നിന്ന് ഗോഡ്സേയിലേക്ക്. എന്നാൽ, തനിക്ക് ആ തോക്ക് എവിടുന്ന് കിട്ടി എന്നതിനെപ്പറ്റി ഗോയൽ ഒരക്ഷരം വെളിപ്പെടുത്തിയിട്ടില്ല. 149 പേരെ വിസ്തരിച്ച് നടത്തിയ വിചാരണ ഒരുവർഷത്തിനുളളിൽ തന്നെ പൂർത്തിയാക്കപ്പെട്ടു. 1949 നവംബർ 8 -ന് നാഥുറാം ഗോഡ്സേയ്ക്കും നാരായൺ ആപ്തെയ്ക്കും വധശിക്ഷ വിധിച്ചു. മറ്റ് എട്ടുപേരെ തടവുശിക്ഷയ്ക്ക് വിധിച്ചു. അച്ഛനെക്കൊന്നവർക്ക് മാപ്പുനൽകണം എന്നാവശ്യപ്പെട്ട് ഗാന്ധിപുത്രന്മാരായ മണിലാലും രാംദാസും തന്നെ ദയാഹരജി നൽകിയെങ്കിലും നെഹ്‌റുവും പട്ടേലും രാജഗോപാലാചാരിയും ചേർന്ന് അത് നിരാകരിച്ചു.   

വധശിക്ഷ നടപ്പിലാക്കിയ ദിവസം 

1949 നവംബർ 15. അതായത് ഇന്നേക്ക് കൃത്യം എഴുപതുവർഷം മുമ്പ്, അംബാല സെൻട്രൽ ജയിലിൽ ജീവിതത്തിലെ അവസാന നാളുകളും എണ്ണി കഴിച്ചുകൂട്ടിയ ഗോഡ്‍സേയുടെയും നാരായണ്‍ ആപ്തേയുടെയും കാത്തിരിപ്പിന് അവസാനമുണ്ടായി. ശിക്ഷ വിധിച്ച അന്നുതൊട്ട് നാരായൺ ആപ്‌തെ ഇന്ത്യൻ തത്വചിന്തയെ ആസ്പദമാക്കി ഒരു പുസ്തകം രചിക്കാനുള്ള ശ്രമത്തിലായിരുന്നു. അത് അയാൾ വധശിക്ഷ നടപ്പിലാക്കപ്പെടുന്നതിന് നാലഞ്ച് നാൾ മുമ്പ് പൂർത്തിയാക്കി അടിവരയിട്ടു. നഥൂറാം പിന്നെ എഴുത്തിനൊന്നും മിനക്കെട്ടില്ല, പുസ്തകങ്ങൾ വായിച്ചുകൊണ്ട് നാളുകൾ തള്ളിനീക്കി. 

വധശിക്ഷ നടപ്പിലാക്കേണ്ട സമയമായി. കൈകൾ പിന്നിൽ കൂട്ടിക്കെട്ടിയ നിലയിൽ നഥൂറാമും നാരായണും കഴുമരത്തിലേക്ക് ആനയിക്കപ്പെട്ടു. നഥൂറാം ആകെ അസ്വസ്ഥനായിരുന്നു. വൈവശ്യം കൊണ്ട് അയാളുടെ സ്വരം പതറാൻ തുടങ്ങിയിരുന്നു. നടത്തത്തിലും നേരിയ പതറിച്ച പോലെ. എന്നാൽ, അവസാനനിമിഷം തന്നെ വന്നു പിടികൂടിയ ആ ജീവഭയത്തെ, ഇടക്കിടെ "അഖണ്ഡ ഭാരത്" എന്ന് ഉറക്കെ മുദ്രാവാക്യം പോലെ വിളിച്ചു പറഞ്ഞുകൊണ്ട് അതിജീവിക്കാൻ നഥൂറാം പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. കോടതിയിൽ കേസിന്റെ വിചാരണാവേളയിൽ മുഴങ്ങിക്കേട്ട ആത്മവിശ്വാസമുളള ശബ്ദത്തിൽ നിന്ന്, ഏറെ പരിക്ഷീണമായ ഭീതിപടർന്നൊരു സ്വരത്തിലേക്ക് അത് സംക്രമിച്ചു കഴിഞ്ഞിരുന്നു. എന്നാൽ, ആ മുദ്രാവാക്യത്തിന്റെ ബാക്കിയായ, "അമർ രഹേ" എന്നത് ഏറ്റുവിളിച്ചുകൊണ്ടിരുന്ന നാരായൺ ആപ്‌തെയുടെ ശരീരഭാഷ, നാഥൂറാമിന്റേതിനേക്കാൾ പതിന്മടങ്ങ് ആത്മവിശ്വാസം സ്ഫുരിക്കുന്നതായിരുന്നു. 

വധശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷ്യം വഹിക്കാൻ മജിസ്‌ട്രേട്ടും പൊലീസ് സൂപ്രണ്ടുമെല്ലാം  ജയിലിൽ എത്തിച്ചേർന്നിരുന്നു. അടുത്തടുത്തായി രണ്ടു തൂക്കുകയറുകളാണ്  ഇരുവർക്കുമായി ജയിലധികൃതർ ഒരുക്കിയിരുന്നത്. അവരെ അതാതിന്റെ അടുത്തുകൊണ്ടുനിർത്തിയശേഷം തലയിലൂടെ കറുത്ത സഞ്ചി ഇറക്കി. കഴുത്തിൽ വെച്ച് ആ സഞ്ചിയുടെ കെട്ടുകൾ മുറുകി. അടുത്തതായി തൂക്കുകയറുകൾ കഴുത്തിൽ മുറുക്കപ്പെട്ടു. എല്ലാം തയ്യാറായ ശേഷം, അധികാരികളുടെ അനുമതിക്ക് കാത്തുകൊണ്ട് ആരാച്ചാർ ലിവർ വലിക്കാൻ തയ്യാറെടുത്തു നിന്നു. അന്തിമ അനുമതിയും നൽകപ്പെട്ടു. വധശിക്ഷ നടപ്പിലാക്കപ്പെട്ടു. ആപ്‌തെ നിമിഷങ്ങൾക്കകം മരിച്ചെങ്കിലും, ഗോഡ്‌സെ പതിനഞ്ചു മിനിറ്റോളം വേദന അനുഭവിച്ചാണ് മരണത്തിന് കീഴടങ്ങിയത്. 

മരണം സ്ഥിരീകരിച്ച ശേഷം ഇരു മൃതദേഹങ്ങളും അപ്പോൾ തന്നെ കഴുമരത്തിൽ നിന്ന് താഴെയിറക്കി, ജയിൽ മതിലിന് തൊട്ടപ്പുറത്ത് സജ്ജമാക്കിയ ചിതകളിൽ വെച്ച് ദഹിപ്പിച്ചു. നിമജ്ജനം ചെയ്യാനുള്ള ചിതാഭസ്മം എടുത്ത് ഓരോ കുടത്തിലാക്കിയ ശേഷം, ആ മണ്ണ് അപ്പോൾ തന്നെ ഉഴുതുമറിച്ച് അതിന്മേൽ പുല്ല് പിടിപ്പിച്ചു. അവിടെയാണ് മറവു ചെയ്തതെന്നോ അവിടെ അവശിഷ്ടങ്ങളുണ്ടെന്നോ ആർക്കും മനസ്സിലാകാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. മൺകുടങ്ങളിൽ ശേഖരിച്ച ചിതാഭസ്മം പിന്നീട് വിധിപ്രകാരം ഘഗ്ഗർ നദിയിൽ നിമജ്ജനം ചെയ്യപ്പെട്ടു. 

അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ, ആശയ സംഘർഷങ്ങളുടെ പേരിൽ, നാഥുറാം വിനായക് ഗോഡ്സേ എന്ന തീവ്രഹിന്ദുത്വവാദി, തന്റെ മൂന്നു വെടിയുണ്ടകൾ കൊണ്ട് അവസാനിപ്പിച്ചത് ഒരു പുരുഷായുസ്സ് മുഴുവൻ അഹിംസയ്ക്കായി ഉഴിഞ്ഞുവെച്ച ഒരു മനുഷ്യന്റെ ജീവിതമാണ്. ഒരുപക്ഷേ, തിരിച്ചു വിട്ടത് ഇന്ത്യയുടെ ചരിത്രത്തിന്റെ ഗതി തന്നെയും. ഗാന്ധിജി മരിച്ചത് യാദൃച്ഛികമായാണ് എന്ന് പഠിപ്പിക്കാന്‍പോലും ശ്രമിക്കുന്ന ഒരു കാലത്ത് ഈ ചരിത്രവും ഓര്‍ത്തിരിക്കേണ്ടതുണ്ട്. 

 

കടപ്പാട് : 

'The Murder of the Mahatma' - Justice  G. D. Khosla
(Formerly Chief Justice of Punjab, who heard the appeal of Nathuram Godse
& others and gave his most historic verdict in the case of assassination)