പാടത്ത് കിളച്ചുകൊണ്ടിരുന്ന കർഷകന് അരക്കോടിയിലേറെ മൂല്യം വരുന്ന വജ്രക്കല്ല് കിട്ടി

By Web TeamFirst Published Jul 21, 2019, 11:56 AM IST
Highlights

വിജയനഗര സാമ്രാജ്യത്തിന്റെ തലവനായിരുന്ന ശ്രീ കൃഷ്ണദേവരായരും അദ്ദേഹത്തിന്റെ മന്ത്രിമാരും ഭൂമിക്കടിയിൽ നിധിശേഖരം കുഴിച്ചുവച്ചിട്ടുണ്ടെന്നാണ് വിശ്വാസം

തിരുപ്പതി: ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിൽ പാടത്ത് കിളച്ചുകൊണ്ടിരിക്കെ കർഷകന് വജ്രക്കല്ല് ലഭിച്ചു. ഏതാണ്ട് 60 ലക്ഷം രൂപ വിലമതിക്കുന്ന കല്ലാണ് ഇദ്ദേഹത്തിന് കിട്ടിയത്. സ്ഥലത്തെ വജ്രവ്യാപാരിക്ക് കല്ല് വിറ്റ കർഷകന് 13.5 ലക്ഷം രൂപ ലഭിച്ചു.

അല്ല ഭക്ഷ് എന്ന വജ്രവ്യാപാരിയാണ് കല്ല് വാങ്ങിയത്. കാട്ടുതീ പോലെ വാർത്ത പരന്നെങ്കിലും പൊലീസ് ഇതുവരെ സംഭവം അറിഞ്ഞിട്ടില്ല. വജ്രക്കല്ലിന്റെ നിറം, വലിപ്പം, ഭാരം എന്നിവയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. എന്നാൽ സംഭവം വാർത്തയായതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുർണൂൽ ജില്ലയിൽ ഈ മൺസൂൺ കാലത്ത് ഇത് രണ്ടാം തവണയാണ് വജ്രക്കല്ല് ലഭിക്കുന്നത്. ജൂൺ 12 ന് ജൊന്നാഗിരി ഗ്രാമത്തിൽ ഒരു ആട്ടിടയനാണ് വജ്രക്കല്ല് ലഭിച്ചത്. ഇത് 20 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഇതിന് വിപണിയിൽ അരക്കോടി രൂപ വിലമതിക്കുമെന്നാണ് വിവരം.

ഇന്ത്യയിലെ നാലാമത്തെ വലിയ നദിയായ കൃഷ്ണ നദിയുടെ തീരങ്ങൾ വജ്രക്കല്ലുകൾക്ക് ഏറെ പ്രസിദ്ധമാണ്. ഗൊൽക്കൊണ്ട ഡയമണ്ട് എന്ന് പ്രസിദ്ധിയാർജ്ജിച്ച ഈ കല്ലുകൾക്ക് വേണ്ടി കൃഷ്ണ നദിയുടെ കൈവഴികളായ തുംഗഭദ്രയുടെയും ഹുന്ദ്രിയുടെയും തീരങ്ങളിൽ കർഷകരും ഇതര സംസ്ഥാന തൊഴിലാളികളും താത്‌കാലിക കെട്ടിടങ്ങളിൽ താമസിച്ച് വജ്രക്കല്ലുകൾക്കായി തിരച്ചിൽ നടത്താറുണ്ട്.

മൺസൂൺ കാലത്താണ് കുർണൂൽ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ വജ്രക്കല്ലുകൾക്കായി വ്യാപക തിരച്ചിൽ നടക്കാറുള്ളത്. തമിഴ്‌നാട്, കർണ്ണാടകം, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ഇവിടേക്ക് ആളുകൾ ഇതിനായി എത്താറുണ്ട്.

കുർണൂലിലെ ശരവണ സിംഹ സ്വാമി ക്ഷേത്രത്തോട് ചേർന്നാണ് വജ്രം കിട്ടാറുള്ളത്. വിജയനഗര സാമ്രാജ്യത്തിന്റെ തലവനായിരുന്ന ശ്രീ കൃഷ്ണദേവരായരും അദ്ദേഹത്തിന്റെ മന്ത്രിമാരും ഭൂമിക്കടിയിൽ നിധിശേഖരം കുഴിച്ചുവച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
 

click me!