ആന്ധ്രയിൽ ഒറ്റ റിക്രൂട്ട്മെന്റ് ഡ്രൈവിൽ 1.26 ലക്ഷം പേർക്ക് സർക്കാരിന്റെ സ്ഥിരനിയമനം

By Web TeamFirst Published Sep 30, 2019, 6:36 PM IST
Highlights
  • പുതുതായി ആരംഭിക്കുന്ന വില്ലേജ് ആന്റ് വാർഡ് സെക്രട്ടേറിയേറ്റിലേക്കാണ് നിയമനം
  • ഇന്ത്യയിൽ മറ്റൊരു സർക്കാരും ഇത്രയും പേർക്ക് ഒറ്റ റിക്രൂട്ട്മെന്റ് ഡ്രൈവിൽ സ്ഥിര നിയമനം നൽകിയിട്ടില്ലെന്ന് ജഗൻമോഹൻ റെഡ്ഡി

അമരാവതി: ഒറ്റ റിക്രൂട്ട്മെന്റ് ഡ്രൈവിൽ സംസ്ഥാനത്ത് 1.26 ലക്ഷം പേർക്കാണ് ആന്ധ്രപ്രദേശ് സർക്കാർ ജോലി നൽകിയത്. പുതുതായി ആരംഭിക്കുന്ന വില്ലേജ് ആന്റ് വാർഡ് സെക്രട്ടേറിയേറ്റിലേക്കാണ് നിയമനങ്ങൾ.

ഇത് രാജ്യത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണെന്ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി പ്രതികരിച്ചു. ഒറ്റ റിക്രൂട്ട്മെന്റിൽ 1.26 ലക്ഷം പേർക്ക് മറ്റൊരു സർക്കാരും ജോലി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ഞൂറോളം പൊതുസേവനങ്ങൾ നൽകുന്നതിനുള്ള വാർഡ് സെക്രട്ടേറിയേറ്റിലേക്ക് 21 ലക്ഷം പേരാണ് ജോലിക്കായി അപേക്ഷിച്ചത്. 19.50 ലക്ഷം പേർക്ക് സെപ്തംബർ ഒന്നിനും എട്ടിനും ഇടയിൽ പരീക്ഷ നടത്തി.  1,98,164 പേർ എഴുത്തുപരീക്ഷയിൽ യോഗ്യത നേടി. ഇതിൽ 1,26,728 പേർക്കാണ് നിയമനം. ഇവരിൽ 31,640 പേർക്ക് നഗരങ്ങളിലാണ് നിയമനം. ഇവയെല്ലാം സർക്കാരിന്റെ സ്ഥിരനിയമനമാണ്.

വിജയവാഡയിൽ വലിയ പൊതുപരിപാടിയിൽ വച്ചാണ് ജഗൻമോഹൻ റെഡ്ഡി ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ കൈമാറിയത്. ഡിസംബർ ആദ്യവാരത്തോടെ വില്ലേജ് ആന്റ് വാർഡ് സെക്രട്ടേറിയേറ്റ് പൂർണ്ണമായും പ്രവർത്തന സജ്ജമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 11,158 വില്ലേജ് സെക്രട്ടേറിയേറ്റുകളും 3786 വാർഡ് സെക്രട്ടേറിയേറ്റുകളുമാണ് ഒക്ടോബർ രണ്ടിന് തുറക്കുന്നത്. ഓരോ സെക്രട്ടേറിയേറ്റിലും 10 നും 12 നും ഇടയിൽ ജീവനക്കാരുണ്ടാവും. ഇതോടൊപ്പം ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും വനിതാ-ശിശുക്ഷേമ അസിസ്റ്റന്റും ഇവിടെയുണ്ടാകും.

സെക്രട്ടേറിയേറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സംസ്ഥാനത്തുടനീളം 2.8 ലക്ഷം വില്ലേജ് ആന്റ് വാർഡ് വോളന്റീയർമാരെയും നിയമിച്ചിട്ടുണ്ട്. 

പുതിയ നിയമനം ജോലിയായി മാത്രം കാണാതെ, സേവനമായി കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. കൃത്യമായ ഇടവേളയിൽ സോഷ്യൽ ഓഡിറ്റ് നടത്തി സുതാര്യതയും കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
 

click me!