
ഗയ: ബിഹാറിലെ ഗയ ജില്ലയിൽ വിദ്യാർത്ഥിയെ അടിച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കൾ സ്കൂളിലേക്ക് അതിക്രമിച്ചു കയറി അധ്യാപകനെ മർദിച്ചു. ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്കൂൾ പരിസരമാകെ സംഘര്‍ഷാവസ്ഥയായി. അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാർത്ഥികൾ തമ്മിൽ വഴക്കിടുന്നത് കണ്ട സഹപാഠി അധ്യാപകനായ രാകേഷ് രഞ്ജൻ ശ്രീവാസ്തവയെ കൂട്ടിക്കൊണ്ടുവൊന്നു.
ക്ലാസിലെത്തിയ ശ്രീവാസ്തവ തല്ലുകൂടുന്നത് നിര്‍ത്താൻ രണ്ട് കുട്ടികൾക്കും ഓരോ അടികൊടുത്തു. കുട്ടികൾ തമ്മിലുള്ള അടിപിടി ഇതോടെ അവസാനിച്ചെങ്കിലും വലിയ സംഭവങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു. കുട്ടികളിൽ ഒരാൾ സ്കൂളിൽ നിന്ന് ഓടിപ്പോയി അധ്യാപകൻ അടിച്ചുവെന്ന് വീട്ടുകാരെ അറിയിച്ചു. വിവരം അറിഞ്ഞയുടൻ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ സ്കൂളിലെത്തുകയും ബഹളം വെക്കുകയും ചെയ്തു.
തുടര്‍ന്ന് അധ്യാപകനായ ശ്രീവാസ്തവയെ കണ്ടെത്തിയ രക്ഷിതാക്കൾ അദ്ദേഹത്തെ ക്രൂരമായി മർദിച്ചു. അടിക്കുകയും വടികൊണ്ട് തല്ലുകയും ചെയ്തു. തടയാൻ ശ്രമിച്ച മറ്റ് ജീവനക്കാരെയും ഇവർ മർദിച്ചു. അധ്യാപകനെയും മറ്റുള്ളവരെയും വെറുതെ വിടാൻ ഒരു വനിതാ അധ്യാപിക അപേക്ഷിച്ചെങ്കിലും രക്ഷിതാക്കൾ ചെവികൊണ്ടില്ല. ഈ സംഭവം സ്കൂൾ പരിസരത്ത് ഏറെ നേരം പരിഭ്രാന്തി പരത്തി. വിദ്യാർത്ഥികൾ സുരക്ഷിതമായ ഓടി ഒളിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും പുറത്തുവന്നു.
സംഘർഷം കനത്തതോടെ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ശ്രീവാസ്തവയെയും പരിക്കേറ്റ മറ്റൊരു അധ്യാപകനായ ധർമേന്ദ്ര കുമാറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീവാസ്തവയുടെ കൈയ്ക്കും അരക്കെട്ടിനും പരിക്കേറ്റിട്ടുണ്ട്. അധ്യാപകൻ്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ സ്കൂൾ ഹെഡ്മാസ്റ്റർ പങ്കജ് കുമാർ ശക്തമായി അപലപിച്ചു. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തിന് നേരെയുള്ള ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം, അധ്യാപകരുടെ സുരക്ഷ എന്നിവയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam