
ദില്ലി: അനില്‍ അംബാനിക്കെതിരായ വിമര്‍ശനത്തിന്‍റെ പേരില്‍ രാഹുല്‍ഗാന്ധിക്കെതിരെ തിരിച്ചടിച്ച് റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പ്. ബിജെപി സര്‍ക്കാറിനെതിരെ ആക്രമിക്കാന്‍ എന്നും അനില്‍ അംബാനിയുടെ പേര് വലിച്ചിഴയ്ക്കുന്ന രാഹുലിന്‍റെ രീതിയാണ് പ്രസ്താവനയിലൂടെ റിലയന്‍സ് ഗ്രൂപ്പ് എതിര്‍ക്കുന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് തനിക്ക് ഒരു ലക്ഷം കോടിയുടെ കരാര്‍ നല്‍കിയതിനെകുറിച്ച് രാഹുലിന് എന്ത് മറുപടിയുണ്ടെന്ന ചോദ്യവുമായി അനില്‍ അംബാനി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിമര്‍ശിക്കാന്‍ റഫാല്‍ ഇടപാടും അതില്‍ റിലയന്‍സിന്‍റെ പങ്കും രാഹുല്‍ പ്രധാന വിമര്‍ശനമായി പ്രചരണയോഗങ്ങളില്‍ ഉപയോഗിക്കുമ്പോഴാണ് മറുചോദ്യവുമായി അനില്‍ അംബാനി എത്തുന്നത്. യുപിഎ സര്‍ക്കാര്‍ 2004-2014 ഭരണകാലത്ത് റിലയന്‍സ് ഗ്രൂപ്പിന് ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ റോഡ്, ടെലികോം, വൈദ്യുതി, മെട്രോ എന്നിങ്ങനെയുളള മേഖലകളിലെ പദ്ധതികള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ക്ക് കരാറുകള്‍ നല്‍കിയതെന്നുമാണ് റിലയന്‍സ് ഗ്രൂപ്പിന്റെ മറുപടി.
2004-2014 ഭരണ കാലത്താണ് റിലയന്‍സ് ഗ്രൂപ്പിന് കരാര്‍ നല്‍കിയതെന്നും രാഹുല്‍ നടത്തുന്നതെല്ലാം സത്യസന്ധത ഇല്ലാത്ത പ്രസ്താവനകളാണെന്നും റിലയന്‍സ് പറയുന്നു എന്നാണ് വാര്‍ത്ത ഏജന്‍ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അംബാനിയെ പോലുളളര്‍ ക്രോണി ക്യാപിറ്റലിസ്റ്റുകളാണെന്നും അനില്‍ അംബാനിയേയും വിജയ് മല്യയേയും സത്യസന്ധരായി കണക്കാക്കാന്‍ തനിക്കാവില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു.
അനില്‍ അംബാനി രാജ്യത്തെ നല്ല ബിസ്സിനസ്സുകാരുടെ പേര് മോശമാക്കുകയാണ് ചെയ്യുന്നതെന്നു ആരോപിച്ച രാഹുല്‍ റാഫേല്‍ അഴിമതിയിലൂടെ നരേന്ദ്ര മോദി തന്റെ കോര്‍പ്പറേറ്റ് സുഹൃത്തിന് 30,000 കോടി രൂപയുടെ ലാഭമുണ്ടാക്കി നല്‍കിയെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ക്രോണി ക്യാപ്പിറ്റലിസ്റ്റും സത്യസന്ധതയില്ലാത്തവനുമായ ബിസിനസ്സുകാരന് വേണ്ടി എന്തിനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കരാര്‍ നല്‍കിയതെന്നാണ് റിലയന്‍സ് ചോദിക്കുന്നത്.
മോഡിയെ വിമര്‍ശിക്കാന്‍ റഫാല്‍ വിമാന ഇടപാട് മിക്ക യോഗങ്ങളിലും പരാമര്‍ശിക്കുന്ന രാഹുല്‍ മോഡി കരാര്‍ നടപ്പാക്കിയത് കൂട്ടുകാരനായ അനില്‍ അംബാനിക്ക് വേണ്ടിയാണ് എന്നാണ് പ്രധാനമായി ഉന്നയിക്കുന്ന ആരോപണം. റാഫേല്‍ കരാറിന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം രൂപം കൊണ്ട അനില്‍ അംബാനിയുടെ കമ്പനിക്ക് വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയതായിട്ടാണ് രാഹുല്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam