ഗോവയിൽ അയയാതെ കോൺഗ്രസ് നേതൃത്വം; അനുനയ നീക്കവുമായി മൈക്കൽ ലോബോ

Published : Jul 12, 2022, 01:14 PM ISTUpdated : Jul 12, 2022, 01:16 PM IST
ഗോവയിൽ അയയാതെ കോൺഗ്രസ് നേതൃത്വം; അനുനയ നീക്കവുമായി മൈക്കൽ ലോബോ

Synopsis

മുകുൾ വാസ്‍നിക്കിനെ കണ്ട് ചർച്ച നടത്തി മൈക്കൽ ലോബോ, ലോബോയ്ക്ക് പകരക്കാരനെ നിശ്ചയിക്കാനായില്ല

പനാജി: ഗോവയിൽ വിമത നീക്കം പൊളിഞ്ഞതോടെ നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മുൻ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‍നിക്കുമായി ലോബോ കൂടിക്കാഴ്ച നടത്തി. വിമത നീക്കത്തിന് പിന്നാലെ മൈക്കൾ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും പകരം ആരെന്ന കാര്യത്തിൽ കോൺഗ്രസിൽ സമവായം ആയില്ല.

മൂന്നിൽ രണ്ട് എംഎൽഎമാർ അതായത് ചുരുങ്ങിയത് 8 പേരെയെങ്കിലും ഒപ്പം കൂട്ടി ബിജെപി പാളയത്തിലേക്ക് പോകാനായിരുന്നു പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോയുടെ പദ്ധതി. പാർട്ടി നേതൃത്വവുമായി അകൽച്ചയിലുള്ള മുതിർന്ന നേതാവ് ദിഗംബർ കാമത്തും ഒപ്പം നിൽക്കുമെന്ന കണക്കുകൂട്ടലിൽ കരുക്കൾ നീക്കി. എട്ട് പേരെ തയ്യാറാക്കി നിർത്തിയിരുന്നെങ്കിലും വടക്കൻ ഗോവയിൽ നിന്നുള്ള ഒരു എംഎൽഎ അവസാന നിമിഷം വിമത നീക്കം ഉപേക്ഷിച്ചു. ഇതിനിടെ, പാർട്ടിയോട് കൂറ് പുലർത്തിയ പുതുമുഖ എംഎൽഎമാരിൽ ചിലർ നേതൃത്വത്തെ വിമത നീക്കം അറിയിച്ചു. ഇതിന് പിന്നാലെ, വിമതർക്കൊപ്പം നിൽക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു എംഎൽഎയെ ഔദ്യോഗിക പക്ഷത്തെ മറ്റ് 4 എംഎൽഎമാർക്കൊപ്പം രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതോടെ സംഖ്യ പിന്നെയും കുറഞ്ഞു. മൂന്നിൽ രണ്ട് പേരില്ലാതെ കൂറ് മാറ്റ നിയമത്തെ അതിജീവിക്കാനാകില്ലെന്നായതോടെ ലോബോക്ക് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. 

വിമതരെ ചാർട്ടേഡ് വിമാനത്തിൽ  മഹാരാഷ്ട്രയിലേക്ക് കൊണ്ട് പോകാനായിരുന്നു ബിജെപിയുടെ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. നിഷേധിച്ച് ബിജെപിയും രംഗത്തെത്തി. ഇതിനിടെ, ലോബോയും കാമത്തും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരാപിച്ച് കോൺഗ്രസ് അയോഗ്യരാക്കാനുള്ള നടപടി തുടങ്ങിയിരുന്നു. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‍നിക്കിന്‍റെ നേതൃത്വത്തിൽ രാത്രി വൈകി ചേർന്ന നിയമസഭാ കക്ഷി യോഗത്തിന് ലോബോ എത്തി. തെറ്റിദ്ധാരണകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലോബോ പറഞ്ഞു. ദിഗംബർ കാമത്ത് യോഗത്തിൽ നിന്ന് വിട്ട് നിന്നു. എന്നാൽ അനുനയ നീക്കങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് പാർട്ടിക്കുള്ളിലെ ധാരണ. അതേസമയം മൈക്കൾ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നീക്കിയെങ്കിലും പകരക്കാരനെ തീരുമാനിക്കാൻ പാർട്ടിക്കായിട്ടില്ല.

 

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'