
കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ എത്താതിരുന്ന തമിഴ്നാട്ടിലെ മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ നടപടി വീണ്ടും വിവാദത്തിൽ. പാലക്കാട്ടെ പൊതുയോഗത്തിൽ പങ്കെടുക്കാൻ വന്ന മോദി കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ അണ്ണാമലൈ വിട്ടുനിന്നു. പേര് പട്ടികയിൽ ഉണ്ടായിട്ടും അണ്ണാമലൈ വന്നില്ലെന്ന് ബിജെപി നേതാവ് വാനതി ശ്രീനിവാസൻ പറഞ്ഞു. അണ്ണാമലൈ വരാത്തതിന്റെ കാരണം അന്വേഷിക്കുകയാണെന്നും വാനതി പ്രതികരിച്ചു. ഇന്നലെ പാലക്കാട്ടെ ബിജെപി റാലിയിൽ പങ്കെടുക്കുന്നതിനായി കോയമ്പത്തൂരിൽ എത്തിയ മോദിയെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് നൈനർ രാജേന്ദ്രൻ, കേന്ദ്രമന്ത്രി എൽ മുരുകൻ, എഐഎഡിഎംകെ മുൻ മന്ത്രി എസ്പി വേലുമണി, സിറ്റിംഗ് എംഎൽഎ വാനതി ശ്രീനിവാസൻ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ സ്വീകരിച്ചു.
വാനതി അടക്കം നേതാക്കൾ സുരക്ഷിത സീറ്റ് ഉറപ്പിക്കുകയും അണ്ണാമലൈയെ തഴയുകയും ചെയ്‌തെന്ന് അണ്ണാമലൈ അനുകൂലികൾ വിമർശിക്കുന്നതിനിടെയാണ് പുതിയ വിവാദം. എഐഎഡിഎംകെ - ബിജെപി സീറ്റ് വിഭജനത്തിന് പിന്നാലെ കടുത്ത പ്രതിഷേധത്തിലായിരുന്നു അണ്ണാമലൈ. ജയ സാധ്യതയില്ലാത്ത സീറ്റുകൾ ബിജെപിക്ക് നൽകിയെന്നതാണ് അമർഷത്തിന് കാരണം. 234 സീറ്റുകളിൽ 27 എണ്ണം മാത്രമാണ് ബിജെപിക്ക് അനുവദിച്ചത്. 169 സീറ്റുകളിലും എഐഎഡിഎംകെ ആണ് മത്സരിക്കുന്നത്. പിഎംകെ 18 സീറ്റുകളിലും 11 ഇടത്ത് എഎംഎംകെയും മത്സരിക്കുന്നു. ജയ സാധ്യതയില്ലാത്ത സീറ്റുകളാണ് ബിജെപിക്ക് അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി അണ്ണാമലൈ ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി. താൻ മത്സരത്തിനില്ലെന്നും അണ്ണാമലൈ അറിയിച്ചു. ബാക്കി മെയ് 4ന് പറയാം എന്നാണ് അണ്ണാമലൈയുടെ നിലപാട്.
അതിനിടെ അണ്ണാമലൈയെ വെട്ടിയെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. ബിജെപി സംസ്ഥാന നേതാക്കൾ ഒതുക്കാൻ ശ്രമിച്ചെന്ന് അനുയായികൾ പറയുന്നു. അണ്ണാമലൈ മത്സരിക്കാൻ സാധ്യത ഉണ്ടായിരുന്ന സീറ്റുകൾക്കായി ശ്രമിച്ചില്ല. നൈനാറും വാനതിയും സ്വന്തം കാര്യം മാത്രം നോക്കിയെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. കോയമ്പത്തൂരിൽ ബിജെപിക്ക് ഒരു സീറ്റ് മാത്രമേ അനുവദിച്ചിട്ടുള്ളൂ. സിംഗനല്ലൂരിൽ നിന്നോ കാവുണ്ടംപാളയത്തിൽ നിന്നോ മത്സരിക്കാനാണ് അണ്ണാമലൈ ആഗ്രഹിച്ചതെന്നാണ് വിവരം. ഇവ രണ്ടും ബിജെപിക്ക് അനുവദിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam