
കൊൽക്കത്ത: ഇറച്ചിയും മീനും തിന്നണമെങ്കിൽ ബിജെപിക്ക് വോട്ട് നൽകരുതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യ, മാംസ ഭക്ഷണം അനുവദിക്കുന്നില്ല. ബിജെപി അധികാരത്തിൽ വന്നാൽ ജനങ്ങളുടെ ഭക്ഷണ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പുരുളിയ ജില്ലയിലെ മാൻബസാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മമത ആരോപിച്ചത്. പ്രോട്ടീൻ അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ നിങ്ങൾക്കെന്ത് അധികാരമെന്നും മമത ചോദിച്ചു. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് ബി ജെ പി പലയിടത്തും കലാപം ആസൂത്രണം ചെയ്താണ് അധികാരത്തിൽ വരുന്നതെന്നും മമത ബാനർജി ആരോപിച്ചു.
തൃണമൂലിനെതിരെ കുറ്റപത്രം പുറത്തിറക്കിയ അമിത് ഷാ, സ്വന്തം ഭൂതകാല പ്രവൃത്തികളുടെ പേരിൽ സ്വയം കുറ്റപത്രം നേരിടേണ്ട വ്യക്തിയാണെന്ന് മമത പരിഹസിച്ചു. തൃണമൂൽ സർക്കാരിന്റെ ജനപ്രിയ പദ്ധതിയായ 'ലക്ഷ്മി ഭണ്ഡാർ' ബി ജെ പി അധികാരത്തിലെത്തിയാൽ നിർത്തലാക്കുമെന്നും മമത ബാനർജി ആരോപിച്ചു. ഭക്ഷണ കാര്യത്തിൽ മാത്രമല്ല, സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ പോലും നിയന്ത്രണം കൊണ്ടുവരുമോ എന്ന് മമത പ്രസംഗത്തിൽ ചോദിച്ചു. ഡ്രംസ്, ഹാർമോണിയം, ഗിറ്റാർ, സിത്താർ എന്നിവയിൽ ഏതെല്ലാമെന്ന് നിങ്ങൾ തീരുമാനിക്കുമോ എന്നാണ് ചോദ്യം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എസ് ഐ ആറിലൂടെ 1.2 കോടി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും മമത വിമർശിച്ചു. അതിനിടെ ബംഗാളിൽ 284 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് കോൺഗ്രസ് ബംഗാളിൽ ഒറ്റയ്ക്ക് എല്ലാ സീറ്റിലും മത്സരിക്കുന്നത്. അധിർ രഞ്ജൻ ചൗധരി ബഹറാംപൂരിൽ സ്ഥാനാർഥിയാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam