
ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന് പുലർച്ചെ ദില്ലിയിൽ നിന്ന് വിയന്നയിലേക്ക് പറന്ന ബോയിംഗ് 777 വിമാനത്തിനാണ് ടേക്ക് ഓഫിന് പിന്നാലെ സ്റ്റാള്‍ മുന്നറിയിപ്പ് ലഭിച്ചത് (ചിറകിന്റെ ക്രിട്ടിക്കൽ ആംഗിൾ ഓഫ് അറ്റാക്ക് കവിയുന്നത് മൂലം ലിഫ്റ്റ് നഷ്ടപ്പെടുമ്പോള്‍ നല്‍കുന്ന മുന്നറിയിപ്പ്). ഗ്രൗണ്ട് പ്രോക്സിമിറ്റി മുന്നറിയിപ്പ് സംവിധാനവും (GPWS) പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകി. ടേക്ക് ഓഫിന് പിന്നാലെ ഉയരുന്നതിനിടെ ഏകദേശം 900 അടി ഉയരം കുറഞ്ഞതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. വിമാനത്തിന്റെ ഉയരം കുറയ്ക്കരുതെന്നും പൈലറ്റുമാരോട് ആവശ്യപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പൈലറ്റുമാർ വിമാനത്തെ ഈ അപകടകരമായ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ എയർ ഇന്ത്യയുടെ സുരക്ഷാ മേധാവിയെ വിളിച്ചുവരുത്തി. അന്വേഷണം പൂർത്തിയാകുന്നതുവരെ രണ്ട് പൈലറ്റുമാരെയും സസ്പെൻഡ് ചെയ്തു. ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റുകൾ പ്രകാരം, ജൂൺ 14 ന് പുലർച്ചെ 2.56 ന് മോശം കാലാവസ്ഥയിലാണ് B777 (VT-ALJ) പറന്നുയർന്നത്. ആ സമയം ദില്ലിയിൽ ഇടിമിന്നലുണ്ടായിരുന്നു. വിമാനത്തിനുള്ളിൽ സ്റ്റിക്ക് ഷേക്കർ, ജിപിഡബ്ല്യുഎസ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. പറന്നുയർന്ന ഉടൻ, സ്റ്റിക്ക് ഷേക്കർ മുന്നറിയിപ്പും ജിപിഡബ്ല്യുഎസ് കുറയരുതെന്ന മുന്നറിയിപ്പുമുണ്ടായി. പൊങ്ങുന്നതിനിടെ 900 അടി ഉയരം കുറഞ്ഞതിനെ തുടർന്നാണ് മുന്നറിയിപ്പുകൾ ഉണ്ടായത്. പൈലറ്റുമാർ സാധാരണ നില വീണ്ടെടുത്ത് വിയന്നയിലേക്കുള്ള പറക്കൽ തുടർന്നു.
സ്റ്റിക്ക് ഷേക്കർ എന്നത് ഫ്ലൈറ്റ് ഡെക്കിലെ കൺട്രോൾ കോളം കുലുങ്ങി ശബ്ദമുണ്ടാക്കുകയും എന്തോ ശരിയല്ലെന്നും പൈലറ്റുമാരുടെ ശ്രദ്ധ അടിയന്തിരമായി ആവശ്യമാണെന്നും സൂചിപ്പിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. 9 മണിക്കൂറും 8 മിനിറ്റുമാണ് വിമാനം പറന്നത്. ശേഷം വിയന്നയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇതേ വിമാനം മറ്റൊരു ക്രൂവുമായി പിന്നീട് ടൊറന്റോയിലേക്ക് പറന്നു. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ പൈലറ്റുമാരെ പട്ടികയിൽ സസ്പെൻഡ് ചെയ്തെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.