
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ദില്ലി അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായ സാഹചര്യത്തിൽ നാല് മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. സുഖദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഒഖ്ല വിഹാർ, ഷഹീൻ ബാഘ് സ്റ്റേഷനുകൾ ആണ് അടച്ചത്.
അതിനിടെ സർവ്വകലാശാലയ്ക്ക് അകത്തേക്ക് കടന്ന പൊലീസ് ഗേറ്റ് അടച്ചുപൂട്ടി. പ്രതിഷേധത്തിനിടെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ രൂക്ഷമായ കല്ലേറ് നടന്നിരുന്നു.
പ്രതിഷേധക്കാർ ദില്ലിയിലെ നാല് ബസുകൾ അടക്കം പത്തോളം വാഹനങ്ങൾ കത്തിച്ചിരുന്നു. ഇതിന് പുറമെ ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു, ലാത്തിച്ചാർജ്ജ് നടത്തി. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തെന്നും റിപ്പോർട്ടുകളുണ്ട്.
ബസുകൾ കത്തിച്ചതിന് പുറമെ ഫയർഫോഴ്സിന്റെ വാഹനങ്ങളും പ്രതിഷേധക്കാർ തകർത്തിരുന്നു. രണ്ട് അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം.
പ്രതിഷേധത്തിൽ ആംആദ്മി പാർട്ടി എംഎൽഎമാരും പങ്കെടുത്തിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. പക്ഷെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇത് നിഷേധിച്ചു. അതേസമയം ബസുകൾ കത്തിച്ചത് തങ്ങളല്ലെന്നും ഇന്നത്തെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നിൽ പുറത്ത് നിന്ന് എത്തിയവരാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam