
ദില്ലി: ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ശരാശരി വായു ഗുണനിലവാര സൂചിക 300ന് മുകളിൽ രേഖപ്പെടുത്തി. 323 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഒന്നിൽ കൂടുതൽ ഇടങ്ങളിൽ ഇന്ന് എക്യുഐ 400ന് മുകളിൽ രേഖപ്പെടുത്തി. നോയിഡയിലും ഗാസിയാബാദിലും വായു ഗുണനിലവാരം മോശം വിഭാഗത്തിൽ എത്തി. വരും ദിവസങ്ങളിലും ദില്ലിയിലെ വായു ഗുണനിലവാരം മോശം വിഭാഗത്തിൽ തന്നെ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ആന്റി സ്മോഗ് ഗണ്ണുകളും വാട്ടർ സ്പ്രിംഗ്ലറുകളും ദില്ലിയിലെ പൊതുയിടങ്ങളിലും കെട്ടിടങ്ങളിലും സർക്കാർ സ്ഥാപിച്ചു.
വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം 29ന് ദില്ലിയിൽ ക്ലൗഡ് സീഡിങ് നടത്തുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിർസ അറിയിച്ചിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച് ദില്ലിയിൽ ക്ലൗഡ് സീഡിങ് നടത്താൻ ഒക്ടോബർ 28നും 30നും ഇടയിൽ അനുകൂല സാഹചര്യമാണ്. ഇത് പ്രകാരമുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി മന്ത്രി അറിയിച്ചു. ക്ലൗഡ് സീഡിങ്ങിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.