ബംഗാളിലെ ഉപതെരഞ്ഞെടുപ്പ് പരാജയം: ഇവിഎം തട്ടിപ്പ് ആരോപണവുമായി ബിജെപി

By Web TeamFirst Published Nov 30, 2019, 8:34 AM IST
Highlights

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കര്‍ശന നിരീക്ഷണം ഉണ്ടായിട്ടും. അതിനപ്പുറം തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ പലതും ചെയ്യാന്‍ ടിഎംസിക്ക് സാധിക്കുന്നുണ്ട് രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെടുന്നു. 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ബിജെപി ആരോപണം. ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയാണ് ആരോപണവുമായി രംഗത്ത് എത്തിയത്. സംസ്ഥാന ഭരണ സംവിധാനത്തെ ഉപയോഗിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഉപതെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും എന്നും രാഹുല്‍ സിന്‍ഹ ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കര്‍ശന നിരീക്ഷണം ഉണ്ടായിട്ടും. അതിനപ്പുറം തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ പലതും ചെയ്യാന്‍ ടിഎംസിക്ക് സാധിക്കുന്നുണ്ട് രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെടുന്നു. ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനില്‍ എന്തും നടക്കും. ഭരിക്കുന്ന പാര്‍ട്ടി വോട്ടെണ്ണലില്‍ ക‍ൃത്രിമം കാണിച്ചു എന്ന ആരോപണം തള്ളികളയാന്‍ സാധിക്കുന്നതല്ലെന്നും സിന്‍ഹ പറയുന്നു.

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടന്ന കാലിഖഞ്ച്, കരഖ്പൂര്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് വലിയ ലീഡാണ് ഉണ്ടായിരുന്നത്. 2016 തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് ഈ മണ്ഡലങ്ങളില്‍ ബിജെപിക്ക് ലഭിച്ചു.  എന്നിട്ടും ഇപ്പോള്‍ ഈ സീറ്റുകളില്‍ ‌ഞങ്ങള്‍ തോറ്റു.  കരഖ്പൂര്‍ സര്‍ദാര്‍ സീറ്റ് ആദ്യമായാണ് ടിഎംസി ജയിക്കുന്നത്. ഇതെല്ലാം സംശയം ജനിപ്പിക്കുന്നതാണ്. മാധ്യമങ്ങളും മറ്റും പറഞ്ഞിരുന്നത് ബിജെപിയാണ് ജയിക്കുക എന്നാണ്. എന്നാല്‍ ഫലം വന്നപ്പോള്‍ മറിച്ചായി 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശേഷിച്ച രണ്ട് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുമ്പില്‍. ദേശീയ പൗരത്വ പട്ടിക അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നിട്ടും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സി.പി.എമ്മുമായി ചേര്‍ന്ന് സഖ്യത്തിലേര്‍പ്പെട്ട കോണ്‍ഗ്രസിന് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാനായെങ്കിലും കരീംപൂര്‍, കരഗ്പൂര്‍ സദര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമായ മേധാവിത്വമാണ് പുലര്‍ത്തിയത്.

click me!