സിബിഐ ഡയറക്ടറുടെ നിയമനത്തിൽ കർശന നിലപാട് സ്വീകരിച്ച് ചീഫ് ജസ്റ്റിസ് എൻ.വി.രമണ

By Web TeamFirst Published May 25, 2021, 1:36 PM IST
Highlights

പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ മേധാവിയായി പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. 

തിരുവനന്തപുരം: പുതിയ സിബിഐ മേധാവിയുടെ നിയമനത്തിൽ ചീഫ് ജസ്റ്റിസ് കർശന നിലപാട് സ്വീകരിച്ചത് കേരള പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്ക് തിരിച്ചടിയായെന്ന് സൂചന. സിബിഐ മേധാവി സ്ഥാനത്തേക്ക് ബെഹ്റയുടെ പേര് തുടക്കം മുതൽ പറഞ്ഞു കേട്ടിരുന്നുവെങ്കിലും സിബിഐ മേധാവി നിയമനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ നിയമനകാര്യ സമിതിയിൽ നിലപാട് എടുത്തതാണ് ബെഹ്റയടക്കമുള്ള സീനിയർ ഐപിഎസ് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായത്. 

പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ മേധാവിയായി പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്.  ഈ സമിതിയുടെ ഇന്നലെ ചേർന്ന യോഗത്തിലാണ് വിരമിക്കാൻ ആറ് മാസത്തിലധികം ഉള്ളവരെ മാത്രം സിബിഐ മേധാവി പദവിയിലേക്ക് പരിഗണിച്ചാൽ മതിയെന്ന സുപ്രീംകോടതി ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ നിലപാട് സ്വീകരിച്ചത്. ഇതാദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് ഇങ്ങനെയൊരു നിലപാട് എടുക്കുന്നത്.  

ഇതോടെ ജൂൺ 30-ന് വിരമിക്കേണ്ട ലോക്നാഥ് ബെഹ്റയും ആ​ഗസ്റ്റ് 31-ന് വിരമിക്കേണ്ട ബിഎസ്എഫ് മേധാവി രാകേഷ് അസ്താനയും മെയ് 31-ന് വിരമിക്കേണ്ട എൻഐഎ മേധാവി വൈ.സി.മോദിയും സാധ്യതാപട്ടികയിൽ നിന്നും പുറത്തായി. രാകേഷ് അസ്താന, വൈസി മോദി എന്നിവരെ കേന്ദ്രസ‍ർക്കാർ സിബിഐ മേധാവി സ്ഥാനത്തേക്ക് പരി​ഗണിച്ചിരുന്നുവെന്ന് നേരത്തെ ദേശീയമാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തിരുന്നു. 

സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് സുബോധ് കുമാർ ജയ്സ്വാൾ, കുമാർ രാജേഷ് ചന്ദ്ര, വിഎസ്കെ കൌമുദി എന്നിവരുടെ പേരുകളാണ് സമിതി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മൂന്ന് പേരുകളിലും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയില്ലെങ്കിലും പട്ടിക തയ്യാറാക്കിയ നടപടിക്രമത്തിൽ ലോക്സഭയിലെ കോണ്ഗ്രസ കക്ഷിനേതാവ് അധീർ രഞ്ജൻ ചൌധരി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 
 

click me!