കശ്മീരില്‍ പട്ടാളത്തിന്റെ ദുർഭരണം: സ്ത്രീകളും കുട്ടികളും കഷ്ടപ്പാടിലെന്ന് കശ്മീർ സന്ദർശിച്ച വനിതാസംഘം

By Web TeamFirst Published Sep 25, 2019, 11:20 AM IST
Highlights

കശ്മീരിൽ  അശാന്തി തുടരുകയാണ്.കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ ഒന്നും സാധാരണ നിലയിലായിട്ടില്ല.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാനാകുന്നില്ല. കശ്മീരിൽ എല്ലാം താറുമാറാണ്. ആനി രാജ പറയുന്നു.

ദില്ലി: പട്ടാളത്തിന്‍റെ ദുര്‍ഭരണമാണ് ജമ്മു കശ്മീരില്‍ നടക്കുന്നതെന്ന് സിപിഐ നേതാവ് ആനി രാജ. സ്ത്രീകളും കുട്ടികളും വലിയ കഷ്ടപ്പാടാണ് കശ്മീരില്‍ അനുഭവിക്കുന്നതെന്നും സിപിഐ നേതാവ് ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയുംജീവിതം നേരിട്ട് കാണാനാണ് ആനിരാജ അടക്കമുള്ള അഞ്ചംഗ വനിതാ സംഘം ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്.  

കശ്മീരിൽ  അശാന്തി തുടരുകയാണെന്ന് ആനി രാജ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ ഒന്നും സാധാരണ നിലയിലായിട്ടില്ല.കശ്മീരിൽ എല്ലാം താറുമാറാണ്. കണ്ണില്‍ക്കണ്ട പുരുഷന്‍മാരെയെല്ലാം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനാല്‍ സ്ത്രീകളും കുട്ടികളും കടുത്ത ദുരിതത്തിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാനാകുന്നില്ല...മതിയായ ചികില്‍സ കിട്ടാതെ കുട്ടികള്‍ പോലും മരിക്കുന്നു...ഫോണ്‍ വിളിച്ച് വിവരങ്ങള്‍ അറിയാന്‍ പോലും കഴിയുന്നില്ല...രാത്രിയിൽ വീട്ടില്‍ വെളിച്ചം കണ്ടാല്‍ പിടിച്ചുകൊണ്ടുപോവുകയാണെന്നും ആനി രാജ പറയുന്നു.

പട്ടാളക്കാരില്‍ ചിലര്‍ ചില സ്ത്രീകളുടെ ബുര്‍ഖ വലിച്ച് കീറിയ അനുഭവം വരെയുണ്ടെന്നും ദേശസ്നേഹത്തിന്‍റെ പേരുപറഞ്ഞ് പട്ടാളത്തിന്‍റെ ഈ വൃത്തികേടുകള്‍ ഇനിയും അംഗീകരിക്കാനാവില്ലെന്നും ആനിരാജ പറഞ്ഞു. ആനിരാജ അടക്കം അഞ്ച് വനിതാ സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘമാണ് അഞ്ച് ദിവസം കശ്മീരിന്‍റെ ഉള്‍നാടുകളിലെ ജനങ്ങളെ കാണാന്‍ നേരിട്ട് പോയത്.

click me!