കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ആദായനികുതി റെയ്ഡിനിടെ ജീവനൊടുക്കുന്നതിന് മുൻപ് 'ടൂ മച്ച് ട്രബിൾ' എന്ന് സഹോദരന് സന്ദേശം അയച്ചിരുന്നെന്ന് വിവരം. ഐ ടി ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് മരണകാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം
ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചതിന്‍റെ ഞെട്ടലിലാണ് ഏവരും. സി ജെ റോയിയുടെ മരണത്തിൽ ആദായ നികുതി വകുപ്പിനെതിരെ വലിയ പ്രതിഷേധമാണ് ഇതിനകം ഉയർന്നിട്ടുള്ളത്. റോയി ജീവനൊടുക്കിയതിന്‍റെ കാരണം ഇൻകംടാക്സ് നടത്തിയ സമ്മർദ്ദമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡിസംബർ 3 നാണ് കൊച്ചിയിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡിനായി ബെംഗളൂരു കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തിയത്. ഏറ്റവും ഒടുവിൽ ഇന്നലെ (ജനുവരി 30) ന് വീണ്ടും ബംഗളൂരുവിലെത്തിയ ഐ ടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് റോയി സ്വയം വെടിവച്ച് ജീവനൊടുക്കിയത്. ഇതിനിടെ ഇന്നലെ 11 മണിയോടെ റെയ്ഡ് പ്രശ്നമാകുന്നു എന്ന് വ്യക്തമാക്കി 'ടൂ മച്ച് ട്രബിൾ' എന്ന് വിദേശത്തുള്ള സഹോദരൻ ബാബു റോയിക്ക്, സി ജെ റോയി സന്ദേശം അയച്ചതായും വിവരമുണ്ട്. ഇതിന് പിന്നാലെയാണ് റോയി ജീവനൊടുക്കിയതെന്നാണ് സൂചന.
റോയിക്കെതിരെ നടന്ന ആദായ നികുതി പരിശോധനയുടെ നാൾവഴി
ഡിസംബർ 3 നാണ് കൊച്ചിയിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡിനായി ബെംഗളൂരു കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തിയത്. സി ജെ റോയി അപ്പോൾ ദുബൈയിലായിരുന്നു.
ഡിസംബർ ആറ് വരെ കൊച്ചിയിലെ ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടർന്നു.
റെയ്ഡിനെതിരെ ബംഗളൂരു ഹൈക്കോടതിയിൽ റോയി ഹർജി നൽകി. കൊച്ചിയിലെ ഉദ്യോഗസ്ഥർക്ക് ബെംഗളൂരുവിൽ പരിശോധന നടത്താൻ അധികാരമില്ലെന്നായിരുന്നു വാദം.
ഹർജിയിൽ റോയിക്ക് തിരിച്ചടിയും ഐ ടി ഡിപ്പാർട്മെന്റിന് അനുകൂലമായാണ് ഉത്തരവ് വന്നത്.
ജനുവരി 28 ന് ബെംഗളൂരുവിൽ എത്താൻ റോയിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. ജോയിന്റ് കമ്മിഷണർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം 28 ന് പരിശോധന പുനരാരംഭിക്കുന്നു. റോയിയും ഓഫീസിൽ എത്തി.
ജനുവരി 29 നും റെയ്ഡ് തുടർന്നു.
ജനുവരി 30 (ഇന്നലെ) നും റെയ്ഡിന് ഉദ്യോഗസ്ഥർ എത്തി. പരിശോധന തുടരുന്നതിനിടെ റോയിയും സ്ഥലത്തെത്തി. ഏകദേശം 11 മണിയോടെ റെയ്ഡ് പ്രശ്നമാകുന്നു, 'ടൂ മച്ച് ട്രബിൾ' എന്ന് വിദേശത്തുള്ള ജേഷ്ഠൻ ബാബു റോയിക്ക്, സി ജെ റോയി സന്ദേശം അയച്ചതായാണ് വിവരം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ന് റോയി ജീവനൊടുക്കി. ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹം സ്വന്തം മുറിയിലേക്ക് പോയി. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട ശേഷം സ്വയം വെടിയുതിർത്തു. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ ശേഷം ആയിരുന്നു ആത്മഹത്യ.


