സൈനിക ഹെലികോപ്റ്ററിന് മുന്നിലെ പ്രണയാഭ്യർഥന ചട്ടലംഘനം എന്ന് കരസേന വൃത്തങ്ങൾ, നടപടിയുണ്ടാകുമോ? യുവ സൈനികനെ പിന്തുണയുമായി വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ

Published : Jun 04, 2026, 06:09 PM IST
ARMY VIRAL

Synopsis

സൈനിക പരിശീലന കേന്ദ്രത്തിൽ യുവ സൈനിക പൈലറ്റ് നടത്തിയ വിവാഹാഭ്യർഥന വൈറലായതിന് പിന്നാലെ ചട്ടലംഘന വിവാദം. ഔദ്യോഗിക യൂണിഫോമിൽ സൈനിക ഹെലികോപ്റ്ററിന് മുന്നിൽ നടന്ന പ്രണയാഭ്യർഥനയെ പിന്തുണച്ചും എതിർത്തും പലരും രംഗത്തെത്തി

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ നടന്ന ഔദ്യോഗിക പാസിങ് ഔട്ട് പരേഡിന് പിന്നാലെ യുവ സൈനികൻ നടത്തിയ സർപ്രൈസ് വിവാഹാഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിവാദവും കനക്കുന്നു. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ പ്രതിശ്രുത വധുവിന് മോതിരം നൽകിയ ക്യാപ്റ്റൻ ഭരത് ഭരദ്വാജിന്റെ നടപടി സൈനിക ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കരസേനാ വൃത്തങ്ങൾ വിലയിരുത്തുന്നത്. പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ യുവ സൈനിക പൈലറ്റ്, അതീവ സുരക്ഷയുള്ള പ്രതിരോധ പരിശീലന കേന്ദ്രത്തിലെ റൺവേയിൽ ഔദ്യോഗിക സൈനിക യൂണിഫോമിൽ മുട്ടുകുത്തി നിന്ന് മോതിരം കൈമാറുകയും തുടർന്ന് ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഹെലികോപ്റ്ററിന്റെ പശ്ചാത്തലത്തിൽ നടന്ന ഈ സംഭവം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടെങ്കിലും സൈന്യത്തിന്റെ കർശനമായ പെരുമാറ്റച്ചട്ടങ്ങളെ ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

ചട്ടലംഘടനം?

അതീവ സുരക്ഷയുള്ള സൈനിക കേന്ദ്രത്തിനുള്ളിൽ വച്ച് ഇത്തരം സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കാനും അത് പരസ്യമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും അനുവാദമുണ്ടോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. കരസേനയുടെ നിലവിലുള്ള പല പ്രോട്ടോക്കോളുകളുടെയും ലംഘനമാണ് സംഭവമെന്ന വിലയിരുത്തലിൽ യുവ ക്യാപ്റ്റനിൽ നിന്ന് സൈന്യം വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. എന്നാൽ ഈ വിഷയത്തിൽ ക്യാപ്റ്റൻ ഭരത് ഭരദ്വാജിനെ പിന്തുണച്ചും കടുത്ത നടപടികൾ അരുതെന്ന് ആവശ്യപ്പെട്ടും വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ യാതൊരുവിധ അച്ചടക്ക ലംഘനവും കാണാൻ ആകുന്നില്ലെന്ന് വിരമിച്ച ലഫ്റ്റനന്റ് ജനറൽ പി ജി കെ മേനോൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ അഭിപ്രായപ്പെട്ടു.

യുവ സൈനികനെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കരുതെന്നാണ് സമൂഹമാധ്യമങ്ങളിൽ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. രാജ്യസുരക്ഷാ വിഷയങ്ങൾ ഇത്തരം വൈകാരികവും മനോഹരവുമായ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ കെ ജെ എസ് ധല്ലിണും വ്യക്തമാക്കി. സൈനിക ദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയും ആശംസകളും ലഭിക്കുന്ന പശ്ചാത്തലത്തിൽ, ക്യാപ്റ്റനെതിരെ വലിയ രീതിയിലുള്ള ശിക്ഷാനടപടികൾക്ക് സാധ്യതയില്ലെന്നാണ് സൂചന. എങ്കിലും ഔദ്യോഗിക ചട്ടങ്ങളുടെ പശ്ചാത്തലത്തിൽ സൈന്യം വിഷയത്തെ എങ്ങനെ സമീപിക്കുമെന്നത് വരുംദിവസങ്ങളിൽ നിർണ്ണായകമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരള പൊലീസിന് നാണക്കേട്, മദ്രാസ് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി; കൈവിലങ്ങോടെ തമിഴ്‌നാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് റദ്ദാക്കില്ല
പഞ്ചാബ് രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്? പാർട്ടി വിടാനൊരുങ്ങി അമരീന്ദർ സിങ്; ബിജെപിയിൽ നിന്ന് കോൺഗ്രസിൽ തിരിച്ചെത്തുമെന്ന് അഭ്യൂഹം