
കൊൽക്കത്ത: ഉംപുൺ ചുഴലിക്കാറ്റ് തകർത്തെറിഞ്ഞ പശ്ചിമബംഗാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങി. കൊൽക്കത്ത നഗരത്തിലാണ് സൈന്യം രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്. ഇനിയുള്ള രക്ഷാപ്രവർത്തനത്തിൽ സർക്കാർ നിർദേശാനുസരണം സൈന്യവും രംഗത്തുണ്ടാവും.
ഉംപുൺ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ സൈന്യത്തിൻ്റെ സേവനം വിട്ടു തരണമെന്ന് ഇന്നലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ പത്ത് കമ്പനി അധിക ടീമിനേയും പശ്ചിമബംഗാളിൽ നിയോഗിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തിന് കേന്ദ്രസർക്കാർ അനുവദിച്ച ആയിരം കോടി രൂപയുടെ ധനസഹായം ദുരിതാശ്വാസ പാക്കേജിൻ്റെ ഭാഗമല്ലെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധന്‍കര്‍ വ്യക്തമാക്കി. ആയിരം കോടി രൂപയുടെ മുൻകൂർ ധനസഹായമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതെന്നും ഗവർണർ വ്യക്തമാക്കി.
സംസ്ഥാനത്തിന് ഇനിയും ധനസഹായം കിട്ടുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും കേന്ദ്രനയം വ്യക്തമാക്കി കൊണ്ടു അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സഹകരണം തുടർന്നാൽ ഗുണം സംസ്ഥാനത്തിനാണെന്നും നിലവിലുള്ള സഹകരണം തുടരുമെന്നാണ് വിശ്വാസമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam