
മുംബൈ: വാട്ട്സ്ആപ്പ് ചാറ്റ് ചോർന്ന സംഭവത്തിൽ വിശദീകരണവുമായി, റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി. പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ മറ്റു മാധ്യമങ്ങളിലും വന്നിട്ടുണ്ട്. ഇങ്ങനെ പ്രതീക്ഷിക്കുന്നതിനെ തെറ്റായി ചിത്രീകരിക്കുന്നത് അസംബന്ധമെന്നാണ് അർണബിന്റെ നിലപാട്. തന്റെ ചാനലിലൂടെയാണ അര്‍ണാബ് ഈ നിലപാട് എടുത്തത്.
നേരത്തെ അര്‍ണാബിന്റെ വാട്ട്സ്ആപ്പ് ചാറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരുന്നു. രഹസ്യ വിവരം എങ്ങനെയാണ് അർണബിന് കിട്ടിയതെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിച്ച് കൊണ്ട് രാഹുൽ ഗാന്ധി ചോദിച്ചു. അർണബ് ഗോസാമിയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തായതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതികരണം. വിവരം അർണബിന് ചോർത്തിയവർ ചെയ്തത് ക്രിമിനൽ കുറ്റമാണ്. വ്യോമസേനയുടെ നീക്കം അർണബിന് അറിയാമെങ്കിൽ പാകിസ്ഥാനും ഇത് സംബന്ധിച്ച വിവരം കിട്ടി കാണുമെന്നും അദ്ദേഹം പറഞ്ഞു.
ടിആർപി തട്ടിപ്പിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളാണ് സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അർണാബും ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും നടത്തിയ ചാറ്റാണ് പ്രചരിക്കുന്നത്. പ്രശാന്ത് ഭൂഷണടക്കം പ്രമുഖർ പങ്കുവച്ച 500 ലേറെ പേജുള്ള വാട്സ് ആപ്പ് ചാറ്റ്. ട്വിറ്ററിനെ ഇളക്കിമറിക്കുകയാണ് അർണാബും പാർഥോ ദാസ് ഗുപ്തയും നടത്തിയതെന്ന് പറയപ്പെടുന്ന ഈ ചാറ്റ് വിവരങ്ങൾ.
പുല്‍വാമ ആക്രമണം, ഇന്ത്യ തിരിച്ചടിച്ച ബാലക്കോട്ട് എയര്‍ സ്ട്രൈക്ക്, പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എല്ലാം ചാറ്റിന്‍റെ ഭാഗമായി പുറത്ത് വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിശദീകരണവുമായി അര്‍ണാബ് എത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam