നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ളവർ കൊവാക്സിൻ സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഭാരത് ബയോടെക്

By Web TeamFirst Published Jan 19, 2021, 10:05 PM IST
Highlights

കൊവാക്സിനെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭാരത് ബയോട്ടെക്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുളളവർ വാക്സിൻ സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് കമ്പനി.

ദില്ലി: കൊവാക്സിനെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭാരത് ബയോട്ടെക്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുളളവർ വാക്സിൻ സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് കമ്പനി അറിയിച്ചു. മറ്റ് കൊവിഡ് വാക്സിനുകൾ സ്വീകരിച്ചവരും പ്രതിരോധ ശേഷി കുറഞ്ഞവരും കൊവാക്സിനെടുക്കരുതെന്നും കമ്പനി വ്യക്തമാക്കി.

 അതിനിടെ ഉത്തർപ്രദേശിലും കർണാടകത്തിലുമായി വാക്സിൻ സ്വീകരിച്ച ശേഷമുളള രണ്ട് മരണങ്ങളും മറ്റ് കാരണങ്ങൾ കൊണ്ടാണെന്നും വാക്സിനേഷനിൽ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതിനിടെ ഇന്ത്യൻ നിർമ്മിത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചിരുന്നു. ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആർ, പുനെ എൻഐവി എന്നീ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്. പൂർണമായും തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയതിന് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ഭാരത് ബയോടെക്ക് ലക്ഷ്യമിടുന്നുണ്ട്. 

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേരത്തെ കൊവാക്സിന് ലഭിച്ചിരുന്നു. 206 രൂപയ്ക്കാണ് കൊവാക്സിൻ കേന്ദ്രസർക്കാർ വാങ്ങുന്നത്. വാക്സിൻ എപ്പോൾ സ്വകാര്യ വിപണിയിൽ എന്തുമെന്നോ എന്തു വിലയ്ക്ക് വിൽക്കുമെന്നോ ഇതുവരെ ഭാരത് ബയോടെക്ക് വ്യക്തമാക്കിയിട്ടില്ല. കൊവാക്സിന് പിന്നാലെ മൂക്കിലൂടെ ഉപയോഗിക്കേണ്ട തുള്ളി മരുന്ന് രൂപത്തിലുള്ള പ്രതിരോധ വാക്സിനും അടിയന്തര അനുമതി തേടി ഭാരത് ബയോടെക്ക് കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്. 

click me!