'കെജ്രിവാൾ ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ നുണയൻ'; ദില്ലി മുഖ്യമന്ത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി അമിത് ഷാ

By Web TeamFirst Published Jan 30, 2020, 11:01 AM IST
Highlights

''കാറും ബം​ഗ്ലാവും സ്വന്തമാക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് രണ്ടും കെജ്രിവാളിന് സ്വന്തമായിട്ടുണ്ട്. എന്റെ അമ്പത്തിയാറ് വയസ്സിനുള്ളിൽ ഞാൻ കണ്ട ഏറ്റവും വലിയ നുണയനാണ് അരവിന്ദ് കെജ്രിവാൾ.'' അമിത് ഷാ പറഞ്ഞു.

ദില്ലി: കഴിഞ്ഞ 56 വർഷങ്ങൾക്കുളളിൽ താൻ കണ്ട ഏറ്റവും വലിയ നുണയനാണ് കെജ്രിവാൾ എന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.  ''കാറും ബം​ഗ്ലാവും സ്വന്തമാക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് രണ്ടും കെജ്രിവാളിന് സ്വന്തമായിട്ടുണ്ട്. എന്റെ അമ്പത്തിയാറ് വയസ്സിനുള്ളിൽ ഞാൻ കണ്ട ഏറ്റവും വലിയ നുണയനാണ് അരവിന്ദ് കെജ്രിവാൾ.'' അമിത് ഷാ പറഞ്ഞു.

വാ​ഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാരാണ് കെജ്രിവാളിന്റേത് എന്നും അമിത് ഷാ കുറ്റപ്പെടുത്തി. നജാഫ്​ഗ‍ഡ്, ബീജ്വാസൻ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. ''ഇന്ദിരാ​ഗാന്ധിയാണെന്ന് നിങ്ങൾക്ക് സ്വയം തോന്നുന്നുണ്ടോ? ഇന്ദിരാ ​ഗാന്ധി പതിവായി പറയാറുള്ള വാക്കാണ്, ഇന്ത്യയെന്നാൽ ഇന്ദിരയാണ്, ഇന്ദിരയെന്നാൽ ഇന്ത്യയെന്നാണെന്ന്. കെജ്രിവാളും ചിന്തിക്കുന്നത് ദില്ലിയെന്നാൽ കെജ്രിവാളെന്നാണ്, കെജ്രിവാൾ എന്നാൽ ദില്ലിയും.'' അമിത് ഷാ കൂട്ടിച്ചേർത്തു. 

ദില്ലിയിലെ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കേ ഷഹീൻബാ​ഗിൽ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രതിഷധക്കാർക്കെതിരെ വളരെ ശക്തമായി പ്രതികരിക്കാനാണ് ബിജെപിയുടെ തീരുമാനം. റോഡുകളിൽ ​ഗതാ​ഗതം തടസ്സപ്പെടുത്തി ജനങ്ങൾക്കിടയിൽ ആശങ്കയും ഭയവും സൃഷ്ടിക്കാനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി തരുൺ ചുഗ് ആരോപിക്കുന്നു. ദില്ലി മറ്റൊരു  'സിറിയ' ആകാൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ട്വിറ്റിലൂടെ  വ്യക്തമാക്കിയിരുന്നു. 

ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി യമുനാ നദിയില്‍ മുങ്ങി വരാൻ കെജ്രിവാളിനെ അമിത് ഷാ വെല്ലുവിളിച്ചിരുന്നു. നദിയുടെ ശുദ്ധീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും യമുനയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. യമുനാ നദി ശുദ്ധീകരിച്ചുവെന്നാണ് എഎപി പറയുന്നത്. ''കെജ്‍രിവാള്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ കുപ്പായമൂരി യമുനയിലൊന്ന് മുങ്ങിനിവരണം.'' നദിയിലെ ജലത്തിന്‍റെ അവസ്ഥ നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. നജഫ്ഗഢിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഫെബ്രുവരി എട്ടിനാണ് ദില്ലിയിലെ തെരഞ്ഞെടുപ്പ്

click me!