
ശ്രീനഗർ: ഇനി ജമ്മു മുതൽ കശ്മീർ വരെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ്റെ ചൂളംവിളി ഉയരും. ജമ്മുവിനും ശ്രീനഗറിനും ഇടയിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ശ്രീനഗറിനും കത്രയ്ക്കും ഇടയിൽ ഉണ്ടായിരുന്ന സർവീസാണ് ജമ്മുവിലേക്ക് നീട്ടിയത്. കോച്ചുകളുടെ എണ്ണം എട്ടിൽനിന്ന് 20 ആയി ഉയർത്തിയിട്ടുണ്ട്. പുതിയ ട്രെയിൻ ജമ്മുവിനും ശ്രീനഗറിനും ഇടയിലെ യാത്രാസമയം നാലുമണിക്കൂർ 50 മിനിറ്റായി കുറയ്ക്കും.
ഏകദേശം 266 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ രണ്ട് ട്രെയിനുകൾ സർവീസ് നടത്തും. ജമ്മു താവി റെയിൽവേ സ്റ്റേഷനിൽനിന്ന് അതിരാവിലെ 6:20ന് പുറപ്പെടുന്ന ആദ്യ ട്രെയിൻ (26401) രാവിലെ 11:10ന് ശ്രീനഗറിൽ എത്തിച്ചേരും. കത്രയിലെ ശ്രീമാതാ വൈഷ്ണോ ദേവി, റിയാസി, ബനിഹാൾ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. ശ്രീനഗറിൽനിന്ന് വൈകുന്നേരം രണ്ടുമണിക്ക് തിരിക്കുന്ന ഇതേ ട്രെയിൻ (26402) വൈകുന്നേരം 6:50ന് ജമ്മു താവിയിൽ എത്തിച്ചേരും. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസവും ട്രെയിനിന് സർവീസ് ഉണ്ടാകും.
ശ്രീനഗറിൽനിന്ന് രാവിലെ എട്ടുമണിക്ക് പുറപ്പെടുന്ന രണ്ടാമത്തെ ട്രെയിൻ (26404) ഉച്ചയ്ക്ക് 12:40 ഓടെ ജമ്മു താവിയിൽ എത്തിച്ചേരും. ബനിഹാൾ, കത്ര എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. ഉച്ചയ്ക്ക് 1:20ന് ജമ്മു താവിയിൽനിന്ന് തിരിക്കുന്ന ഇതേ ട്രെയിൻ (26403) വൈകുന്നേരം ആറുമണിക്ക് ശ്രീനഗറിൽ എത്തിച്ചേരും. മെയ് രണ്ടുമുതൽ പുതിയ ട്രെയിനുകൾ ജമ്മു - ശ്രീനഗർ റൂട്ടിൽ സർവീസ് ആരംഭിക്കും.
ജമ്മു കശ്മീരിലെ റെയിൽ ശൃഖംല ആധുനികവൽകരിക്കാനുള്ള ദീർഘനാളത്തെ ശ്രമങ്ങളുടെ ഫലമാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ വരവ്. 2008 ഒക്ടോബറിലാണ് കശ്മീർ താഴ്‍വരയിൽ ആദ്യ ട്രെയിനിൻ്റെ ചൂളംവിളി ഉയർന്നത്. കഴിഞ്ഞ വർഷം ജൂൺ ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് കത്രയ്ക്കും ശ്രീനഗറിനും ഇടയിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്തത്. അന്നുമുതൽ ഇതുവരെ അഞ്ചര ലക്ഷത്തിലധികം പേർ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ജമ്മു താവി, കത്ര, ഉദ്ധംപുർ, ബുദ്ഗാം സ്റ്റേഷനുകളുടെ പുനർനിർമാണം പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam