
ഹൈദരാബാദ്: തെലങ്കാനയിൽ മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻ്റെ മകൾ കെ കവിത പ്രഖ്യാപിച്ച പുതിയ പാർട്ടിക്ക് 'തെലങ്കാന രക്ഷണ സേന' (ടിആർഎസ്) എന്ന പേര് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചന്ദ്രശേഖര റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതിയുമായി തെറ്റിപ്പിരിഞ്ഞ് ഇക്കഴിഞ്ഞ 25-ാം തീയതി പ്രഖ്യാപിച്ച പാർട്ടിക്കാണ് കമ്മീഷൻ്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
മെഡ്ചലിലെ അദ്വയ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിലാണ് കെ കവിത പുതിയ പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടിക്ക് 'തെലങ്കാന രാഷ്ട്ര സേന' എന്ന പേരാണ് നിർദേശിച്ചിരുന്നതെങ്കിലും 'തെലങ്കാന രക്ഷണ സേന' എന്ന പേരിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയത്.
ചന്ദ്രശേഖര റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) യുമായി വഴിപിരിഞ്ഞ് ഏഴുമാസങ്ങൾക്കിപ്പുറമാണ് കെ കവിത പുതിയ പാർട്ടി പ്രഖ്യാപിച്ചത്. 'തെലങ്കാന രാഷ്ട്ര സമിതി' (ടിആർഎസ്) പുനർനാമകരണം ചെയ്താണ് ബിആർഎസ് ആക്കിയിരുന്നത്. തൻ്റെ പാർട്ടി ടിആർഎസ് എന്ന ചുരുക്കപ്പേര് നിലനിർത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് കെ കവിത പറഞ്ഞു. തങ്ങൾ ഈ പേരിന് വേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു. ടിആർഎസിൻ്റെ വിജയത്തിനായി 20 വർഷക്കാലം രക്തവും വിയർപ്പും ഒഴുക്കി പണിയെടുത്തു. തങ്ങൾ തെലങ്കാന എന്ന സംസ്ഥാനം നേടിയെത്തുവെന്നും കവിത പറഞ്ഞു.
ബിആർഎസും ഭരണകക്ഷിയായ കോൺഗ്രസും യുവാക്കളുടെയും കർഷകരുടെയും ആഗ്രഹങ്ങൾ സാക്ഷാത്കരിച്ചില്ലെന്നും കവിത വിമർശിച്ചു. ഇതിനായി തങ്ങൾ പ്രവർത്തിക്കും. ടിആർഎസ് ഒരു പ്രാദേശിക പാർട്ടിയായിരിക്കും. 95 ശതമാനവും പ്രാദേശിക പ്രശ്നങ്ങൾക്കായിരിക്കും മുൻഗണന നൽകുക. ഒബിസി വിഭാഗത്തിന് 50 ശതമാനം സംവരണം നേടിയെടുക്കാൻ പോരാടുമെന്നും കവിത കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam