
ദില്ലി : ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ സംഘം ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര അർലെക്കറുമായി കൂടിക്കാഴ്ച നടത്തി. പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘത്തിലെ ഓരോ വിദ്യാർത്ഥിയും ഗൾഫിൽ ഇന്ത്യയുടെ അംബാസിഡർമാരെ പോലെ പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ പറഞ്ഞു. 1972 ലെ ഷിംല കരാറിന്റെ ചരിത്രവും വിശദാംശങ്ങളും അദ്ദേഹം വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി.
ഗവർണറുമായുള്ള കൂടിക്കാഴ്ച വളരെ പ്രചോദനം നൽകുന്നതായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഗവർണറെന്ന നിലയിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെങ്കിലും വളരെ വിനയാന്വിതനായാണ് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പ്രചോദനമാണെന്നും കുട്ടികൾ പറഞ്ഞു. മാൾ റോഡ് അടക്കമുള്ള ഷിംലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും സംഘം സന്ദർശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടുബീ ആൻ ഇന്ത്യൻ സംഘം ഇന്നലെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായിരുന്നു. ആദ്യമായാണ് സംഘത്തിലെ വിദ്യാർത്ഥികൾ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായത്. വിവിധ സേനാവിഭാഗങ്ങളുടെ പരേഡുകൾ കണ്ട വിദ്യാർത്ഥികളിൽ പലരും സൈന്യത്തിൽ ചേരണമെന്ന ആഗ്രഹവും ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചു. സ്ത്രീശക്തി പ്രമേയമാക്കിയ വിവിധ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളെയും വിദ്യാർത്ഥികൾ ഇന്നലെ ആവേശത്തോടെയാണ് സ്വീകരിച്ചത്.