
അഗർത്തല: ത്രിപുരയിൽ ഭരണം തിരിച്ചുപിടിക്കാനായി കോൺഗ്രസിനൊപ്പം കൈകോർത്ത് പോരാട്ടത്തിനിറങ്ങിയ സി പി എമ്മിന് അപ്രതീക്ഷിത തിരിച്ചടി. സി പി എമ്മിലെ രണ്ട് പ്രമുഖ നേതാക്കൾ ഇന്ന് ബി ജെ പിയിൽ ചേർന്നു. ബി ജെ പിയിൽ ചേർന്ന സി പി എം നേതാക്കളിൽ ഒരാൾ നിലവിലെ എം എൽ എയും മറ്റൊരാൾ മുൻ എം എൽ എയുമാണ്. കൈലാസഹർ മണ്ഡലത്തിൽനിന്നുള്ള എം എൽ എയായ മൊബൊഷാർ അലിയാണ് ഇന്ന് ബി ജെ പിയിൽ ചേർന്നത്. മുൻ എം എൽ എ സുബാൽ ഭൗമിക്കാണ് ബി ജെ പിയിൽ ചേർന്ന മറ്റൊരു പ്രമുഖൻ. ദില്ലിയിൽ ബി ജെ പി ആസ്ഥാനത്ത് വച്ചാണ് ഇരുവരും ബി ജെ പിയിൽ ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാഞ്ഞതോടെയാണ് ബി ജെ പിയിലേക്ക് പോയത്. കോൺഗ്രസ് നേതാവ് ബിലാൽ മിയയും ബി ജെ പിയിൽ ചേരുമെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം ത്രിപുരയിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ ബി ജെ പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ദില്ലിയിൽ ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരാണ് സ്ഥാനാർഥി ചർച്ചയിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ തവണ നേടിയ ഭരണം നിലനിർത്തുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളും യോഗത്തിൽ പ്രധാനമായും ചർച്ചയാകും. ഇടത് പാർട്ടികളും കോൺഗ്രസും ഒന്നിച്ച് മത്സരിക്കുന്നതിനാൽ ത്രിപുരയിൽ ഇക്കുറി ശക്തമായ പോരാട്ടമാകും നടക്കുകയെന്ന വിലയിരുത്തലാണ് പൊതുവെ ഉള്ളത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിച്ച് രംഗത്തിറങ്ങാനാണ് ബി ജെ പി നീക്കം. ത്രിപുരയിലെ സ്ഥാനാർഥികൾക്കൊപ്പം നാഗാലാൻഡിലെ സ്ഥാനാർഥി നിർണയവും ഇന്ന് പൂർത്തിയായേക്കുമെന്നാണ് ബി ജെ പി നേതാക്കൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam