മേഘാലയക്ക് പിന്നാലെ അസമും; നാളെ മുതല്‍ മദ്യവിതരണം തുടങ്ങും

By Web TeamFirst Published Apr 12, 2020, 9:31 PM IST
Highlights

മദ്യ ഷോപ്പുകള്‍ക്ക് പുറമെ ഹോള്‍സെയില്‍ വെയര്‍ഹൗസുകള്‍, ബോട്ടിലിംഗ് പ്ലാന്റുകള്‍, ഡിസ്റ്റിലറികള്‍ ഉള്‍പ്പെടെയുള്ളവയും പ്രവര്‍ത്തിക്കും. അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍ ഏഴ് മണിക്കൂര്‍ മദ്യ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
 

ഗുവാഹത്തി: മേഘാലയ്ക്ക് പിന്നാലെ അസമിലും മദ്യഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. നാളെ മുതലാണ് മദ്യ വിതരണം ആരംഭിക്കുക. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ മദ്യ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

മദ്യ ഷോപ്പുകള്‍ക്ക് പുറമെ ഹോള്‍സെയില്‍ വെയര്‍ഹൗസുകള്‍, ബോട്ടിലിംഗ് പ്ലാന്റുകള്‍, ഡിസ്റ്റിലറികള്‍ ഉള്‍പ്പെടെയുള്ളവയും പ്രവര്‍ത്തിക്കും. അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍ ഏഴ് മണിക്കൂര്‍ മദ്യ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഉപഭേക്താക്കള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ജീവനക്കാര്‍ ഉറപ്പ് വരുത്തണം.

കൂടാതെ സാറ്റിനൈറ്റസര്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളും സ്വീകരിക്കണം. നേരത്തെ, കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും മേഘാലയയില്‍ നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് വൈന്‍ ഷോപ്പുകളും സംഭരണശാലകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഏപ്രില്‍ 13 മുതല്‍ 17 വരെ ദിവസവും ഏഴ് മണിക്കൂര്‍ നേരമാണ് മദ്യ വിതരണം. 

സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം കൂടാതെ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഒരു കുടുംബത്തില്‍ നിന്ന് ഒരാളെ മാത്രമേ മദ്യം വാങ്ങാന്‍ അനുവദിക്കൂ.ഇയാള്‍മദ്യം അന്വേഷിച്ച്ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ പാടില്ല എന്നും ഉത്തരവില്‍ പറയുന്നു. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനൊപ്പം സാനിറ്റൈസറുകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. 

ആരോഗ്യപരമായ കാരണങ്ങളാല്‍ നിയന്ത്രിത അളവില്‍ മദ്യം നല്‍കുമെന്ന ഉത്തരവ് മേഘാലയ സര്‍ക്കാര്‍ മാര്‍ച്ച് 30ന് പുറത്തിറക്കിയെങ്കിലും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. പിന്നാലെ, മദ്യക്കടകളും സംഭരണശാലകളും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡീലര്‍മാര്‍ മുഖ്യമന്ത്രിയെ സമീപിച്ചു. ഇതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
 

click me!