അസമിൽ അമിത് ഷാ: വടക്കു കിഴക്കിന്‍റെ പ്രത്യേക പദവി റദ്ദാക്കില്ലെന്ന് പ്രഖ്യാപനം

By Web TeamFirst Published Sep 9, 2019, 8:10 AM IST
Highlights

പൗരത്വപട്ടികയിൽ അതൃപ്തിയുള്ള ബിജെപി നേതാക്കളെ കണ്ട് ഷാ സംസാരിക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി റദ്ദാക്കില്ലെന്ന് ഇന്നലെ ഷാ പ്രഖ്യാപിച്ചിരുന്നു. 

ഗുവാഹത്തി: ദേശീയ പൗരത്വ പട്ടിക പുറത്തിറക്കിയ ശേഷം ആദ്യമായി അസമിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രണ്ടാം ദിനവും തുടരും. ഇന്ന് എട്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും, ഗവർണർമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാളിനെയും, ഉന്നത ഉദ്യോഗസ്ഥരെയും കണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തും.

പൗരത്വ പട്ടികയിൽ അസംതൃപ്തിയുള്ള സംസ്ഥാനത്തെ ബിജെപി നേതാക്കളെ അനുനയിപ്പിക്കാനാണ് അമിത് ഷായുടെ ശ്രമം. ബംഗാളി ഹിന്ദുക്കളെ പൗരത്വ പട്ടികയിൽ നിന്ന് വ്യാപകമായി ഒഴിവാക്കിയെന്ന കടുത്ത അതൃപ്തിയുണ്ട് അസമിലെ ബിജെപി നേതാക്കളിൽ പലർക്കും. പൗരത്വ റജിസ്റ്ററിനെ മറികടക്കാൻ സംസ്ഥാനനിയമസഭയിൽ നിയമം കൊണ്ടുവരണമെന്ന് സമ്മർദ്ദം ചെലുത്തുകയാണ് അസം ബിജെപി നേതാക്കൾ. അതല്ലെങ്കിൽ പൗരത്വ റജിസ്റ്റർ പുനഃപരിശോധിക്കണം. ഈ സാഹചര്യത്തിൽക്കൂടിയാണ് കൂടിക്കാഴ്ച നിർണായകമാവുന്നത്. 

ഇന്നലെ വടക്ക് കിഴക്കൻ വികസന കൗൺസിൽ യോഗത്തിൽ അമിത് ഷാ സംസാരിച്ചിരുന്നു. നുഴഞ്ഞു കയറ്റക്കാരെ രാജ്യത്ത് നിന്ന് തുടച്ചു നീക്കുമെന്ന് ആവർത്തിച്ച ഷാ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അധികാരം റദ്ദാക്കില്ലെന്ന് പ്രഖ്യാപിച്ചു. 

ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായതിനെത്തുടര്‍ന്നുള്ള അസമിലെ സ്ഥിതിഗതികള്‍ അമിത് ഷാ വിലയിരുത്തി. അസം മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാനത്തെ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും, അമിത് ഷാ പ്രത്യേകം കണ്ടു.

click me!