എയിഡ്‍സെന്ന് തെറ്റായ റിപ്പോര്‍ട്ട്, ആശുപത്രി ജീവനക്കാരുടെ അപമാനം സഹിക്കാനാകാതെ ഗര്‍ഭിണി മരിച്ചു

Published : Sep 08, 2019, 10:25 PM ISTUpdated : Sep 08, 2019, 10:28 PM IST
എയിഡ്‍സെന്ന് തെറ്റായ റിപ്പോര്‍ട്ട്, ആശുപത്രി ജീവനക്കാരുടെ അപമാനം സഹിക്കാനാകാതെ ഗര്‍ഭിണി മരിച്ചു

Synopsis

ഭര്‍ത്താവിനെ വിളിച്ചുവരുത്തിയ ഡോക്ടര്‍ ശസ്ത്രക്രിയ കഴിഞ്ഞ അങ്കിതയുടെ മുമ്പില്‍ വച്ചുതന്നെ അവര്‍ക്ക് എയിഡ്സ് ഉണ്ടെന്ന കാര്യം പറഞ്ഞു. അതുവരെ തന്‍റെ രക്തപരിശോധനാ ഫലം അങ്കിത അറിഞ്ഞിരുന്നില്ല. 

ഷിംല: രക്തപരിശോധനയില്‍ എയ്‍ഡ്സ് ഉണ്ടെന്ന് തെറ്റായി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ആശുപത്രി ജീവനക്കാരുടെ അപമാനം താങ്ങാനാകാതെ ഗര്‍ഭിണി മരിച്ചു. 22കാരിയായ അങ്കിതയാണ് മാനസ്സിക സമ്മര്‍ദ്ദം താങ്ങാനാവാതെ മരിച്ചത്. ഷിംലയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള മാക്ടോട് ഗ്രാമവാസിയായിരുന്നു യുവതി. ഷിംലയിലെ സ്വകാര്യ ആശുപത്രിയായ സഞ്ജീവനിയിലാണ് അങ്കിത ചികിത്സ തേടിയിരുന്നത്. 

ഓഗസ്റ്റ് 21 ന് സഞ്ജീവനി ആശുപത്രിയിലെ തന്നെ ലാബില്‍ അങ്കിതയ്ക്ക് രക്തപരിശോധന നടത്തിയിരുന്നു. രക്തപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം അങ്കിതയ്ക്ക് എയിഡ്സ് ഉണ്ടെന്ന് ജീവനക്കാരിലൊരാള്‍ ബന്ധുക്കളെ അറിയിച്ചു. മാത്രമല്ല, അങ്കിതയുടെ ഗര്‍ഭപാത്രത്തില്‍ രക്തസ്രാവമുണ്ടെന്നും ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്നും ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടു. സഞ്ജീവനിയില്‍ നിന്ന് രോഗിയെ ഷിംലയിലെ കമ്‍ല നെഹ്റു ആശുപത്രിയിലേക്ക് മാറ്റാനും ആവശ്യപ്പെട്ടു. 

എന്നാല്‍ കമ്‍ല നെഹ്റു ആശുപത്രിയിലെത്തിയ അങ്കിതയ്ക്കും കുടുംബത്തിനും നേരിടേണ്ടിവന്നത് അങ്ങേയറ്റത്തെ അപമാനമാണ്. കമ്‍ല നെഹ്റു ആശുപത്രിയിലെ ജീവനക്കാര്‍ കുറ്റവാളികളോടെന്നപോലെയാണ് അങ്കിതയോടും കുടുംബത്തോടും പെരുമാറിയത്. ഭര്‍ത്താവിനെ വിളിച്ചുവരുത്തിയ ഡോക്ടര്‍ ശസ്ത്രക്രിയ കഴിഞ്ഞ അങ്കിതയുടെ മുമ്പില്‍ വച്ചുതന്നെ അവര്‍ക്ക് എയിഡ്സ് ഉണ്ടെന്ന കാര്യം പറഞ്ഞു. അതുവരെ തന്‍റെ രക്തപരിശോധനാ ഫലം അങ്കിത അറിഞ്ഞിരുന്നില്ല. 

എങ്ങനെയാണ് എയിഡ്സ് പിടിപെട്ടതെന്ന് നഴ്സ്മാര്‍ അങ്കിതയോട് ചോദിച്ചുവെന്നും അപമാനിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതുകേട്ട അങ്കിത ഏറെ മാനസികപ്രയാസം നേരിട്ടുവെന്നും ഏറെ കരഞ്ഞുവെന്നും അവര്‍ പറഞ്ഞു. ശ്വാസതടസം അനുഭവപ്പെട്ട അങ്കിത  ഉടന്‍ അബോധാവസ്ഥയിലാകുകയായിരുന്നുവെന്ന് അങ്കിതയുടെ ഭര്‍ത്താവ് പറഞ്ഞു. 

അങ്കിതയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില മോശമായതോടെ ഇന്ദിരാഗാന്ധി മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ഓഗസ്റ്റ് 23ന് അവിടെവച്ച് നടത്തിയ രക്തപരിശോധനയില്‍ അങ്കിതയ്ക്കും ഭര്‍ത്താവിനും എയിഡ്സ് ഇല്ലെന്ന് കണ്ടെത്തി. എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഓഗസ്റ്റ് 27ന് അങ്കിത മരിച്ചു. 

രക്തസ്രാവം മൂലമാണ് അങ്കിത മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ തെറ്റായ രക്തപരിശോധനാഫലവും സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരുടെ ക്രൂരമായ പെരുമാറ്റവുമാണ് അങ്കിതയെ കൊന്നതെന്ന് സഹോദരന്‍ ആരോപിച്ചു. എയിഡ്സ് ഉണ്ടെന്ന  റിപ്പോര്‍ട്ട് കിട്ടിയതോടെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ വളരെ മോശമായാണ് പെരുമാറിയത്. തൂപ്പുകാര്‍ പോലും തങ്ങളോട് ആക്രോശിച്ചുവെന്നും അങ്കിതയുടെ സഹോദരന്‍ പറഞ്ഞു. മരണകാരണം വ്യക്തമല്ലെന്നും എന്നാല്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍  അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി
എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം