മോദി അപ്രമാദിത്വം കാട്ടുമോ? നിശബ്ദ വിപ്ലവത്തിലൂടെ ദേശീയ രാഷ്ട്രീയത്തെ ഞെട്ടിക്കുമോ അഖിലേഷ്; രാഹുലിനും നിർണായകം

By Web TeamFirst Published Jan 8, 2022, 10:10 PM IST
Highlights

ഭരണത്തിലുള്ള നാലു സംസ്ഥാനങ്ങൾ നിലനിറുത്തുക എന്ന വെല്ലുവിളി ബിജെപി നേരിടുമ്പോൾ പിടിച്ചു നിൽക്കാനുള്ള വലിയ അവസരമാണ് കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പ്. സമാജ് വാദി പാർട്ടിയടക്കമുള്ളവർക്ക് നിലനിൽപ്പിന്‍റെ പ്രശ്നം കൂടിയാണ് കാത്തിരിക്കുന്നത്

ദില്ലി: കൊവിഡും ഒമിക്രോണും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും അഞ്ച് സംസ്ഥാനങ്ങളിൽ ജനാധിപത്യത്തിന്‍റെ മഹത്തായ പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് ഇനിയുള്ള ഓരോ ദിനവും. അഞ്ച് സംസ്ഥാനങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും നിർണ്ണായകം ഉത്ത‍ർപ്രദേശിലെ തെരഞ്ഞെടുപ്പ് തന്നെ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമസഭാ സീറ്റുകളും ലോക്സഭാ സീറ്റുകളുമുള്ള യു പിയുടെ മനസിലെന്താകും എന്ന ചോദ്യമാണ് ഇന്ദ്രപ്രസ്ഥത്തിൽ അലയടിക്കുക. രാജ്യഭരണത്തിൽ രണ്ടായിരത്തി ഇരുപത്തിനാലിന് മുമ്പുള്ള അന്തരീക്ഷത്തെ യുപി സ്വാധീനിക്കുമെന്നുറപ്പ്.

ഭരണത്തിലുള്ള നാലു സംസ്ഥാനങ്ങൾ നിലനിറുത്തുക എന്ന വെല്ലുവിളി ബിജെപി നേരിടുമ്പോൾ പിടിച്ചു നിൽക്കാനുള്ള വലിയ അവസരമാണ് കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പ്. സമാജ് വാദി പാർട്ടിയടക്കമുള്ളവർക്ക് നിലനിൽപ്പിന്‍റെ പ്രശ്നം കൂടിയാണ് കാത്തിരിക്കുന്നത്. ഈ വർഷം ജൂലൈയിൽ റയ്സിന കുന്നിൽ പുതിയ രാഷ്ട്രപതി അധികാരമേൽക്കാനിരിക്കുകയാണ്. ഓഗസ്റ്റിൽ ഉപരാഷ്ട്രപതിയെ കണ്ടെത്തണം. ഉപരാഷ്ട്രപതിയുടെ വോട്ടെടുപ്പിൽ പാർലമെന്‍റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബിജെപിക്ക് കാര്യങ്ങൾ തീരുമാനിക്കാം. എന്നാൽ രാഷ്ട്രപതിക്കായുള്ള മത്സരത്തിൽ യുപിയിലെ സംഖ്യ അത്രത്തോളം നിർണായകമാകും.

ധാന്യക്കലവറയും ഹൃദയഭൂമിയും ബിജെപിക്ക് നിർണായകം, കർഷകവോട്ട് കൊയ്യുമോ ആപ്? 'പൾസ'റിയാൻ പഞ്ചഗുസ്തി

വോട്ടെടുപ്പ് നടക്കുന്ന നാലിടങ്ങളിൽ അധികാരം ബിജെപിക്കാണ്. മൂന്നെണ്ണം കൈവിട്ടാൽ പോലും യുപി നഷ്ടപ്പെടുന്നത് അവർക്ക് ചിന്തിക്കാനാകില്ല. ഈ വർഷം അവസാനം നടക്കുന്ന ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ പോലും സ്വാധിനിക്കാൻ തക്ക ശേഷിയുള്ള ഫലമാകും യു പിയെന്നതാണ് മറ്റൊരു വിലയിരുത്തൽ. യു പിയിൽ ഇപ്പോൾ നേരിയ മുൻതൂക്കം ബിജെപിക്കുണ്ടെന്ന വിലയിരുത്തലുകളാണ് ഉള്ളത്. പ്രതിപക്ഷം ഭിന്നിച്ച് മത്സരിക്കുന്നതിലാണ് ബിജെപിയുടെ പ്രധാനപ്രതീക്ഷ. അഖിലേഷ് യാദവിന് ഇതുവരെ രാഷ്ട്രീയ ലോക്ദളുമായി മാത്രമേ കൈകോർക്കാൻ ആയിട്ടുള്ളു. ബിഎസ്പിയും കോൺഗ്രസും പ്രതിപക്ഷത്ത് അടർത്തി മാറ്റുന്ന വോട്ടുകൾ ബിജെപിയെ സഹായിക്കുമെന്ന് അവ‍ർ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയെ നേരത്തെ കൊണ്ടു വന്ന് പ്രചാരണം തുടങ്ങിയതും ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

ഇതുവരെ നിശബ്ദ നീക്കം നടത്തിയ അഖിലേഷ് യാദവിന് ബിജെപിയെ അട്ടിമറിക്കാനായാൽ അത് ദേശീയ രാഷ്ട്രീയം മാറ്റി മറിക്കുമെന്നുറപ്പ്. യുപി കൈവിട്ടാൽ അടുത്ത രണ്ടു വർഷം നരേന്ദ്ര മോദി പ്രതിപക്ഷത്തിന്‍റെ വലിയ സമ്മർദ്ദം നേരിടേണ്ടിവരും. ബംഗാളിനു ശേഷം യുപിയിലും തോറ്റാൽ പാർട്ടിയിലും സംഘപരിവാറിലും വെല്ലുവിളി ഉയരും. അഖിലേഷ് യാദവിന്‍റെ വിജയം മമത മാനർജിയുടെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികളെ ഒന്നിച്ചു കൊണ്ടുവരാൻ നടത്തുന്ന നീക്കത്തിനും കരുത്തു പകരും. മറിച്ചെങ്കിൽ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടരും. യോഗി ആദിത്യനാഥ് ഹീറോ ആയി മാറാനും ആ വിജയം ഇടയാക്കും.

യു പിയിൽ പ്രിയങ്ക ഗാന്ധിയാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതെങ്കിലും തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയെ സംബന്ധിച്ചും ഏറെ നി‍ർണായകമാണ്. ഉത്തരാഖണ്ടിൽ കോൺഗ്രസിന് അനുകൂല സാഹചര്യം ഉണ്ട്. ഉത്തരാഖണ്ഡിൽ അത്ഭുതം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഫലം മറിച്ചായാലും പഞ്ചാബിലെ സ്ഥിതി അങ്ങനെയല്ല. അമരീന്ദർ സിങിനെ പടിക്ക് പുറത്താക്കിയതും സിദ്ദു ഉയർത്തി പടലപിണക്കവുമെല്ലാം ഇവിടെ വെല്ലുവിള തന്നെ. അധികാരത്തിലിരിക്കുന്ന പഞ്ചാബിൽ തിരിച്ചടിയുണ്ടായാൽ അത് കോൺഗ്രസിന് താങ്ങാൻ പ്രയാസമാകും. അതുകൊണ്ടുതന്നെ പഞ്ചാബിൽ അധികാരം നിലനിർത്താൻ ഹൈക്കമാൻഡും രാഹുലും സർവ്വ ആയുധങ്ങളും പ്രയോഗിക്കും. പഞ്ചാബും കൈവിട്ടാൽ രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃത്വം രാഹുൽ ഗാന്ധി പ്രതീക്ഷിക്കേണ്ടതില്ലെന്നതാണ് മറ്റൊരു വിലയിരുത്തൽ. എന്തായാലും രണ്ടായിരത്തി ഇരുപത്തിനാലിലേക്ക് കണ്ണുവച്ചുള്ള പ്രവ‍ർത്തനങ്ങളാകും ഇനിയുള്ള ദിവസങ്ങളിൽ അഞ്ച് സംസ്ഥാനത്തും ദൃശ്യമാകുമെന്നുറപ്പാണ്.

7 ഘട്ടം, ഫെബ്രുവരി 10 - മാർച്ച് 7 വരെ, 'പഞ്ചഗുസ്തി'ക്ക് കളമൊരുങ്ങി

click me!