Election 2022 Goa Manipur : അട്ടിമറികളുണ്ടാകുമോ? തെരഞ്ഞെടുപ്പ് ചൂടിൽ ഗോവയും മണിപ്പൂരും

By Web TeamFirst Published Jan 8, 2022, 8:58 PM IST
Highlights

ഗോവയിൽ കഴിഞ്ഞ തവണ 13 സീറ്റുമാത്രം നേടി അധികാരം പിടിച്ച  ബിജെപി ഇത്തവണ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ്.

പനാജി: 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ (Election 2022 ) നേട്ടമുണ്ടാക്കിയിട്ടും കോൺഗ്രസിന് അധികാരത്തിലേറാൻ സാധിക്കാതെ പോയ സംസ്ഥാനങ്ങളാണ് ഗോവയും (Goa ) മണിപ്പൂരും ( Manipur ). എംഎൽഎമാരെ ചാക്കിട്ട് പിടിച്ചും റിസോർട്ട് രാഷ്ട്രീയത്തിലൂടെയും രാഷ്ട്രീയ സഖ്യമുണ്ടാക്കിയും ബിജെപി രണ്ടിടത്തും ഭരണത്തിലേറി. അഞ്ചു വർഷങ്ങൾക്കിപ്പുറം 2022 ലെത്തി നിൽക്കുമ്പോൾ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമാറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഗോവയുടേയും മണിപ്പൂരിന്റെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെങ്ങനെ? 

കൂറുമാറ്റവും എംഎൽഎമാരെ ചാക്കിട്ടുപിടിക്കലും റിസോർട്ട് നാടകങ്ങളുമായി വലിയ രാഷ്ട്രീയ കോലാഹലങ്ങളാണ് 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഗോവയിലുണ്ടായത്. അവസാനം  40 അംഗ ഗോവ നിയമ സഭയിൽ വെറും 13 സീറ്റുമാത്രം നേടിയ ബിജെപി മറ്റെല്ലാ കക്ഷികളെയും ഞെട്ടിച്ച് അധികാരത്തിലേറി. 17 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെയും ഗോവ ഫോർവേർഡ് പാർട്ടിയെയും എംജിപി (മഹാരാഷ്ട്ര ഗോമന്തക് പാർട്ടി) യെയും ഞെട്ടിച്ച് എംഎൽഎമാരെ ചാക്കിട്ട് പിടിച്ചാണ് എൻഡിഎ അധികാരം പിടിച്ചത്. അന്ന് വെറും 13 സീറ്റുമാത്രം നേടി ഭരണത്തിലേറിയ ബിജെപി ഇത്തവണ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ്.

എന്നാൽ വലിയ തകർച്ചയിലാണ് കോൺഗ്രസ് ഗോവയിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2017 ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിലേറാൻ സാധിക്കാതെ പോയതോടെ ആരംഭിച്ച പ്രതിസന്ധി ഇന്ന് അങ്ങേയറ്റത്തേക്കെത്തി.എംഎൽഎമാർ കൂട്ടത്തോടെ പാർട്ടി വിട്ടു. ചിലർ ബിജെപിയിലും മറ്റുചിലർ ചെറുകക്ഷികളിലും ചേർന്നു.

ഗോവയിൽ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുമെന്ന് കോൺഗ്രസ് സൂചന നൽകിയിട്ടുണ്ട്. ബിജെപിക്കെതിരായ പോരാട്ടത്തിൽ പിന്തുണയ്ക്കാൻ ഏത് പാർട്ടി തയ്യാറായാലും അത് സ്വീകരിക്കുമെന്ന് ഗോവയുടെ ചുമതലയുളള പി. ചിദംബരം വ്യക്തമാക്കിക്കഴിഞ്ഞു. തൃണമൂൽ കോൺഗ്രസുമായുള്ള വിശാല സഖ്യത്തിനായി ചർച്ചകൾ തുടങ്ങിയതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി. കോൺഗ്രസിനൊപ്പം സഖ്യത്തിലുള്ള ഗോവാ ഫോർവേഡ് പാർട്ടിയും നേരത്തെ വിശാല സഖ്യം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം, ആം ആദ്മി പാർട്ടിയും ഗോവയിൽ ഏറെ പ്രതീക്ഷ പുലർത്തുന്നുണ്ട്. 

 


ഗോവ 2017 തെരഞ്ഞെടുപ്പ് ഫലം 

ബിജെപി 13
കോൺഗ്രസ് 17
എംജിപി 3
സ്വതന്ത്രർ 3
ആംആദ്മി പാർട്ടി 0
ജിഎഫ്‍പി 3
എൻസിപി 1
......................
ഗോവ നിലവിലെ കക്ഷി നില 

ഒഴിഞ്ഞ് കിടക്കുന്നത് 7
ബിജെപി 25
കോൺഗ്രസ് 2
എംജിപി 1
സ്വതന്ത്രർ 2 
ആംആദ്മി പാർട്ടി 0
ജിഎഫ്‍പി 2
എൻസിപി 0
തൃണമൂൽ 1


മണിപ്പൂർ 

കിഴക്കൻ സംസ്ഥാനമായ മണിപ്പൂരും അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഫെബ്രുവരി 27, മാർച്ച് മൂന്ന് തീയതികളിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. എൻ ബരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് നിലവിൽ മണിപ്പൂരിൽ അധികാരത്തിലുള്ളത്. 21 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി, നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവരുമായി സഖ്യമുണ്ടാക്കിയാണ് മണിപ്പൂരിൽ അധികാരത്തിലേറിയത്. 28 സീറ്റുകളുമായി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെന്നത് വലിയ നാണക്കേടായിരുന്നു. 

റോഡ്, മൈബൈൽ കണക്ടിവിറ്റി, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലായി കോടികളുടെ പദ്ധതികളാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി  നരേന്ദ്രമോദി സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്തത്. ഇതെല്ലാം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 2017ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നെങ്കിലും കോൺഗ്രസ് മണിപ്പൂരിൽ വലിയ പ്രതിസന്ധിയിലാണ്. മുതിർന്ന നേതാക്കൾ പാർട്ടിവിട്ടതും കൂറുമാറിയതുമാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. 

click me!