
ഹൈദരാബാദ്: തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 100 കോടി രൂപയ്ക്ക് മുകളിലുള്ള സ്വത്ത് കണ്ടെത്തി. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിയായ ശിവ ബാലകൃഷ്ണയുടെ വീട്ടിലാണ് ബുധനാഴ്ച അഴിമതി വിരുദ്ധ ബ്യൂറോയിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നേരത്തെ ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടറായിരുന്ന ഉദ്യോഗസ്ഥനാണ് ശിവ ബാലകൃഷ്ണ.
പുലര്‍ച്ചെ അഞ്ച് മണിയോടെ ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി എത്തി റെയ്ഡ് തുടങ്ങുകയായിരുന്നു. ശിവ ബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വീടുകള്‍, ഓഫീസുകള്‍ എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ ഒരേസമയം പരിശോധന നടന്നു. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെയും ഓഫീസുകളിലും ശിവബാലകഷ്ണയുമായി ബന്ധമുള്ള മറ്റ് സ്ഥലങ്ങളിലുമെല്ലാം പരിശോധന നടത്തി.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നടപടി. നിരവധി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപ ഇയാള്‍ കൈക്കൂലി വാങ്ങിയതായി എ.സി.ബിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം, ഫ്ലാറ്റുകള്‍, ബാങ്ക് നിക്ഷേപം, ബിനാമി സ്വത്ത് എന്നിവ റെയ്ഡിൽ കണ്ടെത്തി. പണമായി 40 ലക്ഷം രൂപയും രണ്ട് കിലോഗ്രാം സ്വർണാഭരണങ്ങളും 60 ആഡംബര വാച്ചുകളും പിടിച്ചെടുത്തു. നിരവധി ഭൂരേഖകള്‍, വന്‍തുകകളുടെ ബാങ്ക് നിക്ഷേപ രേഖകള്‍ എന്നിവയും 14 ഫോണുകള്‍ 10 ലാപ്‍ടോപ്പുകള്‍ എന്നിവയും മറ്റ് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു.
അനധികൃത സ്വത്ത് കണ്ടെത്തിയത് ശിവ ബാലകൃഷ്ണയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചതാണെന്നാണ് അനുമാനം. ഇയാളുടെ ബാങ്ക് ലോക്കറുകളും ഇതുവരെ വ്യക്തമാവാത്ത മറ്റ് ചില ആസ്തികളും കൂടി പരിശോധിക്കാനാണ് അടുത്ത നീക്കം. റെയ്ഡ് അടുത്ത ദിവസം കൂടി നീളുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam