
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 14 പേർക്ക് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി 8:30-ഓടെയാണ് സംഭവം. 14 മൃതശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ വര്‍മ മാധ്യമങ്ങളോട് പ്രതികരിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും മനോജ് കുമാര്‍ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണം കര്‍ശനമാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാര്‍ ആവശ്യപ്പെട്ടു.
ഹോട്ടലിലെ തീപിടിത്തത്തിൽ പരിക്കേറ്റവർക്ക് എല്ലാ സഹായവും നൽകണമെന്ന് സുകാന്ത സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ കൊൽക്കത്ത കോർപ്പറേഷനെതിരെ പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ശുഭാങ്കര്‍ സര്‍ക്കാര്‍ രംഗത്ത് വന്നു. തീപിടിത്തത്തിൽ 14 പേർ വെന്ത് മരിച്ചത് ദാരുണമായ സംഭവമാണെന്നും കെട്ടിടത്തില്‍ ആവശ്യമായ സുരക്ഷയോ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും ശുഭാങ്കര്‍ പറഞ്ഞു. കോർപ്പറേഷനാണ് ഈ ദുരന്തത്തിന് കാരണമെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam