ദഹിപ്പിക്കാനുള്ള മൃതദേഹം കൊണ്ട് വന്ന തുണി നാട്ടുകാർ മാറ്റി, ഞെട്ടി പിന്നോട്ട് മാറി; പിന്നെ നടന്നത് നാടകീയ രംഗങ്ങൾ, വമ്പൻ തട്ടിപ്പ് പൊളിഞ്ഞു

Published : Nov 29, 2025, 03:18 AM IST
mannequin funeral

Synopsis

ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ശവസംസ്കാരത്തിനെത്തിച്ച മൃതദേഹം പ്ലാസ്റ്റിക് ബൊമ്മയാണെന്ന് കണ്ടെത്തിയതോടെ വൻ ഇൻഷുറൻസ് തട്ടിപ്പ് പദ്ധതി പൊളിഞ്ഞു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 

ഹാപ്പൂർ: ഉത്തർപ്രദേശിലെ ഹാപ്പൂരിലെ ഗാർഹ്മുക്തേശ്വർ ഗംഗാഘട്ടിലെ ഒരു മരണാനന്തര ചടങ്ങ് സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്. ദഹിപ്പിക്കാൻ വെച്ച മൃതദേഹം മനുഷ്യന്‍റേതല്ലെന്നും തുണിയിൽ പൊതിഞ്ഞ പ്ലാസ്റ്റിക് ബൊമ്മ ആണെന്നും നാട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം വലിയ കോലാഹലമായി മാറിയത്. ഞൊടിയിടയിൽ രംഗം വഷളായി, ആളുകൾ തടിച്ചുകൂടി. വ്യാജമായി ശവസംസ്കാരം നടത്താൻ ശ്രമിച്ച രണ്ട് പേരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. മറ്റ് രണ്ട് പേർക്ക് ഓടി രക്ഷപ്പെട്ടു.

ബുധനാഴ്ചയാണ് സംഭവം നടന്നത്. ഹരിയാന രജിസ്ട്രേഷനുള്ള ഐ20 കാറിൽ നാല് പേർ എത്തി. ഇവർ കൊണ്ടുവന്നത് ഒരു മൃതദേഹമാണെന്നാണ് അവകാശപ്പെട്ടത്. എന്നാൽ ഇവർ ഘാട്ടിലെ സാധാരണ ആചാരങ്ങളെല്ലാം ഒഴിവാക്കി ചിതയിലേക്ക് തിടുക്കത്തിൽ പോകാൻ ശ്രമിച്ചത് സംശയത്തിന് കാരണമായി എന്ന് ദൃക്‌സാക്ഷിയായ വിശാൽ പറഞ്ഞു.

ഇവരുടെ തിടുക്കം കണ്ടപ്പോൾ, നാട്ടുകാർ തുണി ഉയർത്തി നോക്കി. ഉള്ളിൽ സീൽ ചെയ്ത്, മനുഷ്യശരീരം പോലെ തോന്നിക്കാൻ പാകത്തിൽ നിറച്ചുവെച്ച ഒരു പ്ലാസ്റ്റിക് ഡമ്മി കണ്ട നാട്ടുകാർ ഞെട്ടിപ്പോയി. ഇത് ഇൻഷുറൻസ് തട്ടിപ്പ് പോലുള്ള ആസൂത്രിത കുറ്റകൃത്യമാണെന്ന് മനസിലാക്കിയ നാട്ടുകാർ ഉടൻ തന്നെ രണ്ട് പേരെ പിടികൂടുകയും പൊലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു.

വൈരുദ്ധ്യമുള്ള മൊഴികൾ, തകർന്ന പദ്ധതി

പൊലീസ് സ്ഥലത്തെത്തിയപ്പോൾ, ദില്ലിയിലെ ഒരു ആശുപത്രി മൃതദേഹത്തിന് പകരം ഡമ്മി പോലുള്ള ഒരു പാക്കറ്റ് അബദ്ധവശാൽ കൈമാറിയെന്ന വിചിത്രമായ കഥയാണ് പ്രതികൾ ആദ്യം മെനയാൻ ശ്രമിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ അവരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പെട്ടെന്ന് വർദ്ധിച്ചു. പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, അവരുടെ പദ്ധതി തകർന്നത് പോലെ മൊഴിയും നിലച്ചു.

50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിപ്പ്

ചോദ്യം ചെയ്യലിൽ പ്രതികളായ കമൽ സോമാനി, സുഹൃത്ത് ആശിഷ് ഖുറാന എന്നിവർ കുറ്റം സമ്മതിച്ചു. 50 ലക്ഷം രൂപയിലധികം കടബാധ്യത കമലിന് ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇയാൾ തന്‍റെ മുൻ ജീവനക്കാരനായ അൻഷുൽ കുമാറിന്‍റെ ആധാർ, പാൻ കാർഡുകൾ അൻഷുലിന്‍റെ അറിവില്ലാതെ ഉപയോഗിച്ചു. ഒരു വർഷം മുമ്പ് അൻഷുലിന്‍റെ പേരിൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുകയും പ്രീമിയം കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച മൃതദേഹം എന്ന വ്യാജേന ഡമ്മി കൊണ്ടുവന്ന് ശവസംസ്കാരം നടത്താനാണ് ഇയാൾ ലക്ഷ്യമിട്ടത്. ഒരു വ്യാജ മരണ സർട്ടിഫിക്കറ്റ് നേടുക, ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുക, പണം കൈക്കലാക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. പ്ലാസ്റ്റിക് ഡമ്മി ഇയാളെ ഒറ്റിക്കൊടുത്തില്ലായിരുന്നെങ്കിൽ പദ്ധതി വിജയിക്കുമായിരുന്നു.

‘മരിച്ച മനുഷ്യൻ’ സംസാരിക്കുന്നു

സംശയങ്ങൾ പൂർണ്ണമായും നീക്കാൻ വേണ്ടി, പൊലീസ് അൻഷുലിനെ ബന്ധപ്പെട്ടു. അൻഷുൽ താൻ പ്രയാഗ്‌രാജിലെ വീട്ടിൽ സുഖമായി ഇരിക്കുന്നുവെന്നും തന്‍റെ പേരിൽ ഇൻഷുറൻസ് പോളിസി എടുത്തതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും പൊലീസിനോട് സ്ഥിരീകരിച്ചു. ഇതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഐ20 കാർ പിടിച്ചെടുക്കുകയും ചെയ്തു. രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!
ഇൻഡി​ഗോ ചതിച്ചപ്പോൾ യാത്രക്കാരെ ചേർത്തുപിടിച്ച് ഇന്ത്യൻ റെയിൽവേ; 37 ട്രെയിനുകളിൽ സ്ലീപ്പർ കോച്ച് വർധിപ്പിച്ചു