കാട്ടുതീയെ തുടർന്ന് അമിതമായി വെള്ളം കുടിക്കുന്നു; 10000 ഒട്ടകങ്ങളെ കൊന്നൊടുക്കാൻ തീരുമാനിച്ച് ആസ്ട്രേലിയൻ സർക്കാർ

By Web TeamFirst Published Jan 8, 2020, 4:02 PM IST
Highlights

ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവാണ് പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ പരിസ്ഥിതി വകുപ്പ് വക്താവ് വ്യക്തമാക്കിയിരുന്നു. വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തുന്ന പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊല്ലുമെന്നാണ് റിപ്പോര്‍ട്ട്.

സിഡ്‌നി: കാട്ടുതീ പടർന്നതിനെ തുടർന്ന് അമിതമായി വെള്ളം കുടിക്കുന്നു എന്ന കാരണം ചൂണ്ടിക്കാണിച്ച് പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നാടുക്കാൻ ആസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഒട്ടകങ്ങളെ കൊല്ലാൻ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന പ്രചാരണത്തിനായി സര്‍ക്കാര്‍ ഹെലികോപ്ടറുകളെ വിട്ടുനല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതരെ ഉദ്ധരിച്ച് 'ദ ഹില്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു.

23,000ത്തോളം ആദിവാസികള്‍ താമസിക്കുന്ന ഓസ്‌ട്രേലിയയിലെ ചില പ്രദേശങ്ങളിൽ വരള്‍ച്ച രൂക്ഷമാണ്. വാസസ്ഥലങ്ങളിലേക്ക് മൃഗങ്ങള്‍ വേലികൾ തകർത്ത്, കടന്നുകയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് കാണിച്ച് നിരവധി പരാതികള്‍ ഇവിടുത്തെ ജനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒട്ടകങ്ങളെ കൊന്നൊടുക്കാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്. ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവാണ് പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ പരിസ്ഥിതി വകുപ്പ് വക്താവ് വ്യക്തമാക്കിയിരുന്നു. വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തുന്ന പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊല്ലുമെന്നാണ് റിപ്പോര്‍ട്ട്.

നവംബറിലാണ് ഇവിടെ കാട്ടുതീ പടർന്നുപിടിക്കാനാരംഭിച്ചത്. സിഡ്‌നി യൂണിവേഴ്സ്റ്റി ഗവേഷകര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി രാജ്യത്താകെ വ്യാപിച്ച കാട്ടുതീയില്‍ നിരവധി ആളുകളുടെ ജീവന്‍ നഷ്ടമാവുകയും 480 മില്ല്യന്‍ മ്യഗങ്ങളെ കാണാതാവുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.

 
 

click me!