ചമോലി മഞ്ഞുമല അപകടം, മിന്നൽ പ്രളയത്തിന് സാധ്യത, റെഡ് അലർട്ട്, ഹെൽപ്പ് ലൈൻ നമ്പറുകൾ

By Web TeamFirst Published Feb 7, 2021, 1:52 PM IST
Highlights

സ്ഥലത്ത് നിങ്ങളുടെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് അടിയന്തരഹെൽപ്പ് ലൈൻ ഉത്തരാഖണ്ഡ് സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ ഇങ്ങനെയാണ്.. 

ദില്ലി/ ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ ധൗളിഗംഗയുടെ തീരങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദുരന്തമുണ്ടായ ചമോലിയ്ക്ക് അടുത്തുള്ള റെജി ഗ്രാമത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും ധൗളിഗംഗയുടെ തീരത്തെ ചില ഗ്രാമങ്ങളും ഒഴിപ്പിക്കുകയാണ് സംസ്ഥാനസർക്കാർ ഇപ്പോൾ. സ്ഥലത്ത് ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമ്മിച്ച പാലം ഒലിച്ചുപോയി. ഋഷിഗംഗ പവർപ്രോജക്ട് ഭാഗികമായി തകർന്നതാണ് ആശങ്ക കൂട്ടുന്നത്. സ്ഥലത്ത് ജോലി ചെയ്തിരുന്നവരെ കാണാനില്ലെന്നും, പെട്ടെന്നുണ്ടായ പ്രളയത്തിൽ അവർ ഒലിച്ചുപോയിരിക്കാനാണ് സാധ്യതയെന്നുമാണ് ഇപ്പോഴും കേന്ദ്രസേന വ്യക്തമാക്കുന്നത്. പ്രളയമേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ഒരു മണിക്കൂർ നിർണായകമാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ഡാം സൈറ്റിന് താഴെയുള്ള റിസർവോയറുകൾക്ക് കുതിച്ചു വരുന്ന വെള്ളം തട‍ഞ്ഞുനിർത്താൻ കഴിഞ്ഞാൽ അപകടം പരമാവധി കുറയ്ക്കാം. അതല്ലെങ്കിൽ അപകടസാധ്യത വീണ്ടുമുണ്ട്. തീരപ്രദേശങ്ങളിലെ നിരവധി ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ് കേന്ദ്രസേനയുടെ സഹായത്തോടെ സംസ്ഥാനസർക്കാർ. 

സ്ഥലത്ത് നിങ്ങളുടെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് അടിയന്തരഹെൽപ്പ് ലൈൻ ഉത്തരാഖണ്ഡ് സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് എന്ത് സഹായത്തിനും ഈ നമ്പറുകളിൽ വിളിക്കാം.

നമ്പറുകൾ ഇങ്ങനെയാണ്: 1070, 1905 (അടിയന്തരഹെൽപ്പ് ലൈൻ നമ്പറുകൾ), 9557444486 ഡിസാസ്റ്റർ ഓപ്പറേഷൻസ് സെന്‍റർ നമ്പർ. 

സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമാണ്. ഋഷികേശ്, ശ്രീനഗർ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി കളയുകയാണിപ്പോൾ. മഞ്ഞുമല ദുരന്തത്തെത്തുടർന്ന് ഗംഗയിൽ വെള്ളമുയർന്ന പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ നാല് ജില്ലകൾക്കും ഋഷികേശ്, ഹരിദ്വാർ, വിഷ്ണുപ്രയാഗ്, ജോഷിമഠ്, കർണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗർ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാനിർദേശമാണ് നൽകിയിരിക്കുന്നത്. അളകനന്ദ, ധൗളിഗംഗ തീരപ്രദേശങ്ങളിലേക്ക് ഒരു കാരണവശാലും പോകരുതെന്ന് ഉത്തരാഖണ്ഡ് സർക്കാർ മുന്നറിയിപ്പ് നൽകി. രണ്ട് ഐടിബിപി സംഘങ്ങൾ ദുരന്തം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. മൂന്ന് എൻഡിആർഎഫ് സംഘം ‍ഡെറാഡൂണിൽ നിന്ന് തിരിച്ചു. മൂന്ന് സംഘത്തെക്കൂടി ഹെലികോപ്റ്ററിൽ എത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതൽ അംഗങ്ങളെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉത്തർപ്രദേശിൽ ഗംഗാ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാഗീരഥി നദിയിലേക്ക് ജലമൊഴുകി എത്തുന്നത് നിയന്ത്രിക്കാൻ നിർദേശം നൽകി. 

നന്ദാദേവിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ ധൗളിഗംഗ, അളകനന്ദ നദികളുടെ ഭാഗത്ത് കനത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ റെനി ഗ്രാമത്തിലേക്കാണ് മഞ്ഞുമല ഇടിഞ്ഞു വീണത്. ധൗളിഗംഗ തീരത്തെ ചില വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. ഈ പ്രദേശത്തുള്ള ഋഷിഗംഗ പവർ പ്രോജക്ടിന്‍റെ ഡാം സൈറ്റ് ഭാഗികമായി തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡാം സൈറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അടക്കം 150-ഓളം പേരെ കാണാനില്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമികമായ വിവരം. ജോഷിമഠിൽ നിന്ന് 26 കിലോമീറ്റർ ദൂരെയാണ് റെനിയെന്ന ഗ്രാമം. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. 

പഴയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ആവശ്യപ്പെട്ടു. അളകനന്ദയിലെ നന്ദപ്രയാഗിന് ശേഷമുള്ള ഭാഗങ്ങളിൽ ജലനിരപ്പ് അപകടകരമായ സ്ത്ഥിയിൽ അല്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറയുന്നു. അളകനന്ദയുടെ തീരങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുകയാണ്. നദിയുടെ തീരങ്ങളിൽ താമസിക്കുന്ന അപകടമേഖലകളിലുള്ളവരെയും ഒഴിപ്പിച്ചുവരികയാണെന്നും റാവത്ത് വ്യക്തമാക്കി. സ്ഥലം സന്ദർശിക്കാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുമായി റാവത്ത് പുറപ്പെട്ടിട്ടുണ്ട്. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. വ്യോമസേനയ്ക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. എല്ലാ സഹായവും ഉത്തരാഖണ്ഡിന് നൽകുമെന്നും അമിത് ഷാ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായും വ്യക്തമാക്കി. 

നിയന്ത്രണവിധേയമെന്ന് ഡിജിപി

സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഉത്തരാഖണ്ഡ് ഡിജിപി പറയുന്നു. ഡാം സൈറ്റിൽ തൊഴിലാളികൾ ഒലിച്ചുപോയെന്ന റിപ്പോർട്ടുകൾ പരിശോധിക്കുകയാണെന്നും ഡിജിപി വ്യക്തമാക്കി. 

click me!